ബേനസീര്‍ ഭൂട്ടോ വധക്കേസിന്റെ പ്രോസിക്യൂട്ടര്‍ വെടിയേറ്റ് മരിച്ചു
World
ബേനസീര്‍ ഭൂട്ടോ വധക്കേസിന്റെ പ്രോസിക്യൂട്ടര്‍ വെടിയേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2013, 10:05 am

ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസിലും മുംബൈ ഭീകരാക്രമണക്കേസിലും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായ ചൗധരി സുള്‍ഫിക്കര്‍ അലി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.

ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ തീവ്രവാദ വിരുദ്ധ കോടതിയില്‍ ഇന്ന് ഹാജരാകാന്‍ പുറപ്പെടുവേയാണ് ഇസ്ലാമാബാദിനു സമീപം ജി/9ല്‍ വച്ച് ആക്രമണമുണ്ടായത്. []

അലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ അടക്കം മറ്റ് രണ്ടാളുകള്‍ കൂടി കൊല്ലപ്പെട്ടു.

ഇസ്ലാമാബാദിലെ ജി9 പ്രദേശത്തുവച്ച് ബൈക്കിലെത്തിയ അജ്ഞാതര്‍ സുള്‍ഫിക്കര്‍ അലിയുടെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അലിയുടെ നെഞ്ചില്‍ മാത്രം അഞ്ച് വെടിയുണ്ടകള്‍ തുളച്ചുകയറിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

വെടിയേറ്റു വീണ സുള്‍ഫിക്കറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭൂട്ടോ വധക്കേസില്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ് അറസ്റ്റിലായിരിക്കേയാണ് ആക്രമണം.

ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയുടേതായിരുന്നു നടപടി.

കേസില്‍ സംയുക്ത അന്വേഷണ സമിതിയിലെ അംഗങ്ങളെ മാറ്റണമെന്ന മുശര്‍റഫിന്റെ ഹരജി കോടതി തള്ളിയിരുന്നു. ഏപ്രില്‍ 26നു കേസ് പരിഗണിച്ച കോടതി മുശര്‍റഫിനെ എഫ്.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

2007 നവംബറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജഡ്ജിമാരെ അന്യായമായി തടങ്കലിലിട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുശര്‍റഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

സുരക്ഷ കാരണങ്ങളാലാണ് മുശര്‍റഫിനെ കോടതിയില്‍ ഹാജരാക്കാതിരുന്നതെന്ന് എഫ്.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. 2007 ഡിസംബര്‍ 27ന് മുഷറഫ് പ്രസിഡന്റായിരുന്നപ്പോഴാണ് ബേനസീര്‍ ഭൂട്ടോ റാവല്‍പിണ്ടയിലെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.