'പരിശീലന കാലയളവില്‍ 70,000 രൂപ ശമ്പളം'; കേന്ദ്രത്തിന്റെ രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ കെ. സുരേന്ദ്രന്റെ മകന് പ്രത്യേക തസ്തിക
Kerala News
'പരിശീലന കാലയളവില്‍ 70,000 രൂപ ശമ്പളം'; കേന്ദ്രത്തിന്റെ രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയില്‍ കെ. സുരേന്ദ്രന്റെ മകന് പ്രത്യേക തസ്തിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 1:03 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക് നോളജിയിലെ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിനെ നിയമിച്ചത് ചട്ടം ലംഘിച്ച്. ബി.ടെക്ക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു ഒഴിവിലേക്കാണ് ഹരികൃഷ്ണനെ നിയമിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്.

തസ്തികയിലേക്ക് പരീക്ഷയെഴുതി മാസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ വിവരം ആര്‍.ജി.സി.ബി നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫീസര്‍ അടക്കം കേന്ദ്ര സര്‍ക്കാരിന് കീഴില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബി.ടെക്ക് മെക്കാനിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ക്ഷണിച്ച തസ്തികയാണിത്.

എം.ടെക്കുള്ളവര്‍ക്ക് ഷോട്ട് ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായിരുന്നു ഈ തസ്തിക സംവരണം ചെയ്തത്. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ഘട്ടത്തില്‍ 43 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ടാണ് പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ അവസാനം ലാബ് പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ചത് ബി.ജെ.പി സംസ്ഥന പ്രസിഡന്റ കെ. സുരേന്ദ്രന്‍ മകന്‍ ഹരികൃഷ്ണന്‍ കെ.എസാണ്.

എന്നാല്‍ ഇതുസംബന്ധിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിവരം തസ്തികയിലേക്ക് നിയമനം നടന്നിട്ടില്ല എന്നതാണ്. അതേസമയം, ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍.ജി.സിയില്‍ നിയമനം ലഭിച്ചെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ 70,000 രൂപയാണ് ഇദ്ദേഹത്തിന് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നാണ് ആര്‍.ജി.സി.ബിയുടെ വിശദീകരണം.

CONTENT HIGHLIGHTS:  Special post for K.Surendran’s son at the Centre’s Rajiv Gandhi Biotechnology