(സി. അയ്യപ്പന്റെ മൂന്നാം അനുസ്മരണ ദിനമാണ് ഇന്ന്. ഡൂള്‍ന്യൂസ് അദ്ദേഹത്തെ ഓര്‍മിക്കുന്നു… അദ്ദേഹവുമായി ബന്ധപ്പെട്ട മൂന്ന ലേഖനങ്ങള്‍ വായിക്കു..)
നിനക്ക് ഞാന്‍ എന്റെ സ്വാതന്ത്ര്യം തരുന്നു
കുട്ടികൃഷ്ണമാരാരുടെ ഭാഷയെക്കുറിച്ച് പറഞ്ഞത് സാഹിത്യത്തിലെ പറയഭാഷ എന്നാണ്. സഹിഷ്ണുതയില്ലായ്മയാണ് പ്രശ്‌നം. ഇതൊക്കെ എനിക്കറിയാം നീയാരാണ് ഇതൊക്കെ പറയാന്‍ എന്ന മട്ടില്‍. നിനക്കെന്താണ് അധികാരം, നീ അധികാരിയാണോ എന്നാണ് ചോദിക്കുന്നത്. നിനക്ക് പറഞ്ഞിട്ടുള്ളത് പേച്ച് പറയുക എന്നത് മാത്രമാണ്. എന്താണീ യൂനിവേഴ്‌സല്‍ ലാംഗ്വേജ്? ഈ പേച്ചുകള്‍തന്നെ എത്രയിടത്തുണ്ട്? രാജശേഖരനൊന്നും ഇതൊന്നും അറിയാഞ്ഞിട്ടാണോ? കൃതിയുടെ സെന്‍സിബിലിറ്റിയില്‍ ഏതുഭാഷയാണ് ചേര്‍ക്കേണ്ടത് എന്നൊക്കെ നോക്കേണ്ടത് എഴുത്തുകാരനാണ്. അതൊന്നും വേണ്ട എന്നു പറയുന്നത്, വാര്‍പ്പുമാതൃക ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്, അതില്‍ കേറിയാല്‍ മതി എന്ന് പറയുന്ന അധികാരി ഭാഷയാണ്. സി. അയ്യപ്പനുമായുള്ളഅഭിമുഖം….
പോത്തുകള്‍ മേയുന്ന പാടവും തിരസ്‌കൃതന്റെ ഭാഷയും
വിചിത്രമായ പറക്കല്‍പോലെ, നെടുകെയും കുറുകെയുമുള്ള കുതറല്‍പോലെ ദിശാനിര്‍ണയത്തിനുപോലും വഴങ്ങാതെ സി. അയ്യപ്പന്റെ രചനകള്‍ വരേണ്യ സാഹിത്യമണ്ഡലത്തോട് കലഹിച്ചു. ഔദാര്യമോ സഹതാപമോ ഒന്നും ആവശ്യമില്ലെന്നുള്ള തുറന്നപ്രഖ്യാപനമായിരുന്നു അത്. ചുവന്നനാവ് എന്ന കഥയില്‍, പറയാന്‍ ബാക്കിവച്ച വര്‍ത്തമാനങ്ങളുമായ, പിടയ്ക്കുന്ന ദളിത് ക്രിസ്ത്യാനിയുടെ നാവുപോലെ, സാഹിത്യ പൊതുബോധത്തെ ഉലച്ചുകൊണ്ട്, ഭാവുകത്വത്തെ പിളര്‍ത്തിക്കൊണ്ട അയ്യപ്പന്റെ കഥകള്‍ സംവദിക്കുന്നു. ഒ.കെ. സന്തോഷ് എഴുതുന്നു…
വാക്കുകളുടെ മുപ്പല്ലിയില്‍ കോര്‍ത്ത കഥകള്‍
പുതിയ ചരിത്രത്തിന്റെ വീക്ഷണത്തില്‍, മൂന്നാം ലോകരാജ്യത്തിന്റെ എഴുത്തുകാരനാണ് സി. അയ്യപ്പന്‍. ഈ അത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ അദ്ദേഹം മൂന്നാം ലോക രാജ്യങ്ങളുടെ, രാഷ്ട്രീയാവബോധമുള്ള എഴുത്തുകാരനാണ്. വഴിയോരങ്ങളിലും കള്ളുഷാപ്പുകളിലും അന്തിയുറങ്ങുന്നവരുടെ ഇടങ്ങള്‍ ചിലദേശങ്ങളില്‍ കാണാറുണ്ട്; കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ അവിടെയുണ്ട്;വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അവിടെയുണ്ട്. അവരുടെ തീക്ഷ്ണമായ കഥകള്‍ അയ്യപ്പനെഴുതിയിട്ടുണ്ട്. സമൂഹത്തിന്റെ പുറംപോക്കുകളില്‍ ജീവിക്കുന്ന ചെറിയ, ചെറിയ മനുഷ്യരുടെ കഥകള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്. സതീഷ് ചേലാട്ട് എഴുതുന്നു… Read Full Article>>
സി. അയ്യപ്പന്‍
(വിക്കീപീഡിയയില്‍ നിന്ന്)
മലയാളസാഹിത്യത്തില്‍ ദളിതെഴുത്തിന്റെ ശക്തനാവായ വക്താവായിരുന്നു കഥാകൃത്തായിരുന്ന സി. അയ്യപ്പന്‍. ദളിത് ജീവിതത്തെ ശക്തവും സ്വാഭാവികവും അതിതീക്ഷ്ണവുമായ ഭാഷയിലൂടെ ആവിഷ്‌കരിക്കുകയും അതുവഴി പരമ്പരാഗത സാഹിത്യഭാവുകത്വത്തെ പൊളിച്ചുപണിയുകയും ചെയ്തു അദ്ദേഹം.
വ്യക്തി ജീവിതം
എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ല്‍ ജനിച്ചു. അച്ഛന്‍ ചോതി. അമ്മ കുറുമ്പ . ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1978 മുതല്‍ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാളം അധ്യാപകനായിരുന്നു. മലപ്പുറം ഗവ. കോളേജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു. ഭാര്യ ലളിത മുന്‍ എം.പി.യും എഴുത്തുകാരനുമായിരുന്ന ടി.കെ.സി. വടുതലയുടെ മകളാണ്. 2011 ആഗസ്റ്റില്‍ അന്തരിച്ചു.
പ്രസിദ്ധീകരിച്ച കൃതികള്‍
ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍ , എന്‍ ബി എഎസ്, 1986
ഞണ്ടുകള്‍ , ഡി സി ബുക്‌സ്, 2003
സി അയ്യപ്പന്റെ കഥകള്‍ , മനോരമപെന്‍ഗ്വിന്‍, 2008