ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്ലാസിക്കായ റൈവല്‍റിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള റൈവല്‍റിയെ പോലെ ഏറെ ആഘോഷിക്കപ്പെട്ടതാണ് ഇന്ത്യ-പാക് മത്സരങ്ങള്‍.
ക്രിക്കറ്റിന്റെ വീറും വാശിയും ഒപ്പം വശ്യതയും ഉള്‍ച്ചേരുന്നതാണ് ഓരോ ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങളും. എന്നാല്‍ കുറച്ചുകാലങ്ങളായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ബൈലാറ്ററല്‍ മത്സരമോ സീരീസോ പോലും കളിക്കാറില്ല.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തരപ്രശ്‌നങ്ങളാണ് ഇരുവരെയും തമ്മില്‍ കളിക്കുന്നതില്‍ നിന്നും വിലക്കുന്നത്. നിലവില്‍ ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്.
പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനവും ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനവും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും സ്വപ്‌നമാണ്. മുള്‍ട്ടാനില്‍ വെച്ച് സേവാഗ് നേടിയ ട്രിപ്പിള്‍ സെഞ്ച്വറി പോലെ ഒരിന്നിങ്‌സ് ഇനിയും പിറക്കണമെന്നുതന്നെയാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിക്കുന്നത്.
ഇപ്പോഴിതാ, പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വളരെ സ്‌പെഷ്യലായ ഒരു സന്ദേശമാണ് ലഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടെയാണ് ഇന്ത്യക്കുള്ള പാക് ആരാധകന്റെ സ്‌പെഷ്യല്‍ മെസേജ് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണിലുടക്കിയത്.
മൂന്നാം ഏകദിനത്തിനിടെ ‘ഞങ്ങള്‍ക്ക് ഇന്ത്യയെ വരവേല്‍ക്കണം’ (We Want To Welcome India) എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പാക് ആരാധകന്‍ കളി കാണാനെത്തിയത്. ഇന്ത്യ പാകിസ്ഥാനിലെത്തി കളിക്കണമെന്നായിരുന്നു ഇയാളുടെ ആഗ്രഹം.
2012-2013ലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ പര്യടനത്തിനെത്തിയത്. മൂന്ന് ഏകദിനവും രണ്ട് ടി-20യും ഉള്‍പ്പെട്ട പരമ്പരയ്ക്കായിരുന്നു പാക് പട ഇന്ത്യയിലെത്തിയത്. ഏകദിന പരമ്പര 2-1ന് പാകിസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍, ഇരു ടീമും ഓരോ ടി-20 മത്സരം ജയിച്ചു.
2006ലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് – ഏകദിന പരമ്പരകള്‍ക്കായി പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.
2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരായ ആക്രമണത്തിന് ശേഷം വളരെ കാലമായി പാകിസ്ഥാനിലേക്ക് മറ്റ് ടീമുകളൊന്നും തന്നെ പര്യടനം നടത്തിയിരുന്നില്ല.
Content Highlight: Special Message for Indian Cricket Team From Pakistan Fan