ന്യൂദല്‍ഹി: വിവാദമായ എസ്.പി.ജി (ഭേദഗതി) ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ എസ്.പി.ജി സുരക്ഷ നല്‍കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭേദഗതി പ്രകാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്.പി.ജി സുരക്ഷ നല്‍കുക.
ഭേദഗതി കൊണ്ടുവന്നത് എസ്.പി.ജി നിയമത്തിന്റെ യഥാര്‍ഥ ഘടനയിലേക്കു തിരിച്ചവരാനാണെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. ‘പ്രധാനമന്ത്രിയോടൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കാത്ത അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് എസ്.പി.ജി സുരക്ഷ നല്‍കില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ അത്ര നിര്‍ണായകമാണ്.’- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഉണ്ടായിരുന്ന എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പക്ഷപാതപരമായ ഇടപെടലാണ് സുരക്ഷ പിന്‍വലിച്ചതിന് പിന്നിലെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ പകപോക്കലുകള്‍ അവസാനിപ്പിക്കേണ്ട കാലമായെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞിരുന്നു.
കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന സമയത്ത് ഒരിക്കല്‍പോലും പ്രതിപക്ഷ കക്ഷികളുടെ സുരക്ഷയില്‍ അയവുവരുത്തിയിട്ടില്ലെന്ന് ആനന്ദ് ശര്‍മ്മ സഭയില്‍ നേരത്തേ പറഞ്ഞിരുന്നു.
സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ സോണിയക്കും കുടുംബത്തിനും കേന്ദ്രം അനുവദിച്ചത് 10 വര്‍ഷം പഴക്കമുള്ള ടാറ്റാ സഫാരി കാറുകളും പൊലീസ് സുരക്ഷയുമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമുള്ള സെഡ് പ്ലസ് കാറ്റഗറിയാണ് സോണിയക്കും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു എസ്.പി.ജി പ്രകാരം ഉണ്ടായിരുന്നത്.
1991-ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് രാജ്യത്തു നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്റു കുടുംബത്തിന് ഏര്‍പ്പെടുത്തിത്തുടങ്ങിയത്.
കമാന്‍ഡോ സുരക്ഷ മാത്രമല്ല, സെഡ് കാറ്റഗറി ലഭിക്കുന്ന വി.വി.ഐ.പികള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലം നേരത്തേ തന്നെ സൂക്ഷ്മമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതും എസ്.പി.ജിയുടെ പ്രത്യേകതയാണ്. മാത്രമല്ല, വി.വി.ഐ.പികളുടെ വീടുകളില്‍ 24 മണിക്കൂറും എസ്.പി.ജികള്‍ ഉണ്ടാകും. അവര്‍ക്കൊപ്പം യാത്രകളിലും ഭാഗമാകും.
മുന്‍പുണ്ടായിരുന്ന പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്കു പകരമാണ് ഇപ്പോള്‍ 2010 മോഡല്‍ ടാറ്റ സഫാരികള്‍ നല്‍കിയിരിക്കുന്നത്. എസ്.പി.ജി സുരക്ഷയുള്ള സമയം സോണിയയും പ്രിയങ്കയും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യുണറുമായിരുന്നു ഉണ്ടായിരുന്നത്.
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷയും നേരത്തേ കുറച്ചിരുന്നു. അദ്ദേഹത്തിന്റെ സായുധ സംവിധാനമുള്ള കാര്‍ മാറ്റി ഇപ്പോള്‍ ബി.എം.ഡബ്ലു കാറാണു നല്‍കിയിരിക്കുന്നത്.