പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിലൂടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പത്മ, റോസ്‌ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
കൊച്ചി ഡി.സി.പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍, പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി. ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍.എ, അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി.ബി. ബിപിന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ അംഗങ്ങളാണ്. ക്രമസമാധാന വിഭാഗം എഡി.ജി.പിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.
കേസില്‍ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്കാണ് പ്രതികളായ ഭഗവല്‍ സിങ്, ലൈല, ഷാഫി എന്നിവരെ മാറ്റിയത്
ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‌ലിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിങ് മാറിടം മുറിച്ചുമാറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, നരബലിയുടെ പേരില്‍ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ നരഭോജികളെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഇരകളുടെ ശരീരഭാഗങ്ങള്‍ പ്രതികള്‍ കറിവെച്ച് ഭക്ഷിച്ചെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്.
കൊലപാതകത്തിന് ശേഷം പത്മയുടെയും റോസ്‌ലിയുടെയും മൃതദേഹത്തില്‍നിന്ന് അറുത്തെടുത്ത മാംസം പ്രതികള്‍ പ്രത്യേകം മാറ്റിവെച്ചിരുന്നു. രണ്ട് മൃതദേഹങ്ങളും വീട്ടുവളപ്പില്‍ കുഴിച്ചിട്ട ശേഷമാണ് ആയുസ് കൂട്ടാന്‍ മാറ്റിവെച്ച മാംസം പാചകം ചെയ്ത് കഴിക്കണമെന്ന് ഷാഫി നിര്‍ദേശിച്ചത്.
ഇതിനായി മാംസം പൂജ ചെയ്തതിന് ശേഷമാണ് ഷാഫി ദമ്പതികള്‍ക്ക് നല്‍കിയത്. കൊല നടത്തിയ അന്നുതന്നെ ഇരുവരുടെയും മാംസം സ്വന്തം വീട്ടില്‍ പാകം ചെയ്ത് ലൈലയും ഭഗവല്‍ സിങും ഭക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.