| Monday, 24th April 2023, 7:45 pm

നരോദാ ഗാം കൂട്ടക്കൊല വിധിയില്‍ സുപ്രീംകോടതി നിയമിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അപ്പീല്‍ നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യക്കാലത്തെ നരോദാ ഗാം കൂട്ടക്കൊലക്കേസില്‍ 67 പേരെ വെറുതെ വിട്ട പ്രത്യേക കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. വിധി വ്യക്തമായി പഠിച്ച ശേഷം സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഏപ്രില്‍ 20നാണ് ബി.ജെ.പി മുന്‍ മന്ത്രി മായ കൊട്‌നാനി ബജ്‌റംഗ് ദള്‍ നേതാവ് ബാബു ബജ്‌റംഗി, വി.എച്ച്.പി മുന്‍ നേതാവ് ജയദീപ് പട്ടേല്‍ എന്നിവരുള്‍പ്പെടെ 67 പേരെ കോടതി കുറ്റവിമുക്തരാക്കിയത്. എസ്.കെ ബക്ഷി അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

2002ല്‍ നടന്ന നരോദ ഗാം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് 2008ലാണ് സംസ്ഥാന പൊലീസില്‍ നിന്ന് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഏറ്റെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307, 143, 147, 148, 120 ബി, 153 എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെ മായ കൊട്‌നാനിയുടെ നേതൃത്വത്തിലുള്ള അക്രമികള്‍ നരോദ ഗാമില്‍ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നായിരുന്നു കേസ്.

2017 സെപ്റ്റംബറില്‍ മായാ കൊട്‌നാനിക്ക് അനുകൂലമായി മൊഴി കൊടുക്കാന്‍ അമിത് ഷാ വിചാരണക്കോടതിയിലെത്തിയിരുന്നു. കലാപ സമയത്ത് താന്‍ ഗുജറാത്ത് നിയമസഭയിലും പിന്നീട് സോള സിവില്‍ ഹോസ്പിറ്റലിലുമായിരുന്നുവെന്നും നരോദ ഗാമിലുണ്ടായിരുന്നില്ലെന്നും തെളിയിക്കാനായി അമിത് ഷായുടെ മൊഴി രേഖപ്പെടുത്തണമെന്ന മായ കൊട്‌നാനിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഷാ കോടതിയിലെത്തിയത്. 2010ല്‍ വിചാരണ ആരംഭിച്ചത് മുതല്‍ പത്ത് ജഡ്ജിമാരാണ് കേസില്‍ വാദം കേട്ടത്.

അതിനിടെ കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ മായ കൊട്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഗസ്റ്റ് മാസത്തില്‍ രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നുള്ള രണ്ട് ഒഴിവുകളില്‍ ഒന്നിലേക്ക് മായ കൊട്നാനിയെ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍.

Content Highlights: Special Investigation Team files Appeal in high court in naroda gam case

We use cookies to give you the best possible experience. Learn more