കോഴിക്കോട്: സിനിമ പാരഡൈസോ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ഓണററി അവാര്‍ഡ് ത്യാഗരാജന്‍ മാസ്റ്റര്‍ക്ക്. അഞ്ച് പതിറ്റാണ്ടു കാലം നീണ്ടു നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ സിനിമാ മേഖലയിലേക്ക് നല്‍കിയ മികച്ച സംഭാവനയെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് ഈ ആദരവ് നല്‍കുമ്പോള്‍ അദ്ദേഹത്തോടൊപ്പം അംഗീകരിക്കപ്പെടുന്നത്, സിനിമയുടെ വെള്ളി വെളിച്ചത്തില്‍ പലപ്പോഴും തിരസ്‌കൃതരായിപ്പോകുന്ന സംഘട്ടന കലാകാരന്‍മാര്‍ എന്ന അതിസാഹസികരും കഠിനോത്സാഹികളുമായ ഒരു കൂട്ടം മനുഷ്യര്‍ കൂടിയാണെന്നും സി.പി.സി വിലയിരുത്തുന്നു.
സംഘട്ടന സഹായിയായും നായകന്‍മാരുടെ ബോഡി ഡബിള്‍ ആയും നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചു പിന്നീട് സ്വതന്ത്രമായി സംഘട്ടന സംവിധാനം നിര്‍വ്വഹിച്ച ത്യാഗരാജന്‍ മാസ്റ്റര്‍ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി 2000ല്‍ പരം സിനിമകളുടെ സംഘട്ടന സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ ആദ്യകാല സ്റ്റണ്ട് മാസ്റ്ററായിരുന്ന പുരുഷോത്തമന്‍ എന്ന പുലികേശിയുടെ സഹായിയായി 1950കളിലാണ് ത്യാഗരാജന്‍ മാസ്റ്റര്‍ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്.
300ല്‍ പരം ചിത്രങ്ങള്‍ പ്രേം നസീറിന്റെ സംഘട്ടന രംഗങ്ങളിലെ ഗുരുവായും പലപ്പോഴും ശരീരം തന്നെയായും മാറിയ, ജയനെ ആക്ഷന്‍ ഹീറോ ആക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച, 1980-2000 കാലഘട്ടങ്ങളില്‍ മലയാളികളെ ആവേശം കൊള്ളിച്ച മൂന്നാം മുറ , ദൗത്യം , ഒരു വടക്കന്‍ വീരഗാഥ, പിന്‍ഗാമി , സ്പടികം, തുടങ്ങിയ ചിത്രങ്ങളുടെ തീപാറുന്ന സംഘട്ടനങ്ങള്‍ ഒരുക്കിയ മാസ്റ്ററുടെ ജീവിതം ഒരു തരത്തില്‍ മലയാള സിനിമയുടെ തന്നെ ചരിത്രമാണെന്നും സി.പി.സി വിലയിരുത്തുന്നു.
1966-ലെ “പ്രിയതമ” യില്‍ തുടങ്ങി ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന “മരക്കാര്‍ – അറബിക്കടലിന്റെ സിംഹം” വരെ തുടര്‍ന്ന് പോരുന്നതാണ് ത്യാഗരാജന്റെ സിനിമാ ജീവിതം.