ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അച്ചടക്കം പരിശോധിക്കാന്‍ പ്രത്യേക സംഘം
Kerala
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ അച്ചടക്കം പരിശോധിക്കാന്‍ പ്രത്യേക സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th September 2012, 12:17 am

കൊല്ലം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിശോധന നടത്താനായി പ്രത്യേക സംഘം എത്തുന്നു. സ്‌കൂളുകളിലെ അച്ചടക്കവും ക്ലറിക്കല്‍ ജോലികളുമാണ് സംഘത്തിന്റെ പരിശോധനാ വിഷയങ്ങള്‍.[]

എന്നാല്‍ ഇത്തരമൊരു പരിശോധനയുടെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ സംഘം തയ്യാറായിട്ടില്ല. ഒരേസമയം രണ്ടിലധികം സ്‌കൂളുകളില്‍ പരിശോധന നടത്തണമെന്നും കണ്ടെത്തിയ ക്രമക്കേടുകളും പോരായ്മകളും വിശദമായ റിപ്പോര്‍ട്ടാക്കി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ഇവര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്.

സ്‌കൂളിന്റെ അച്ചടക്കം, അധ്യാപകരുടെ ഹാജര്‍ രജിസ്റ്റര്‍, കാഷ് ബുക്ക്, കാഷ് ബാലന്‍സ്, അഡ്മിഷന്‍ രജിസ്റ്റര്‍, സന്ദര്‍ശക ഡയറി, ചെലവ് ബില്‍ രജിസ്റ്റര്‍, സ്‌കോളര്‍ഷിപ് വിതരണം, ലംപ്‌സം ഗ്രാന്റ് വിതരണ രജിസ്റ്റര്‍, പരീക്ഷാസംബന്ധമായ വിവരങ്ങള്‍, കൃത്യനിഷ്ഠ, ശുചിത്വം, ട്രഷറി അക്കൗണ്ട്, പി.ഡി. അക്കൗണ്ട്, കണ്ടിന്‍ജന്റ് ബില്‍ രജിസ്റ്റര്‍, പുറത്തുനിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന്റെ വിവരങ്ങള്‍ മുതലായവയാണ് സംഘം പരിശോധിക്കേണ്ടത്.

ചിലയിടങ്ങളില്‍ ക്ലാസ് മുറികള്‍ക്ക് പുറത്ത് പടികളില്‍വരെ വിദ്യാര്‍ത്ഥികളെ ഇരുത്തിയിരിക്കുന്നു. അതേസമയം അധിക ബാച്ച് ലഭിച്ചിട്ടും ഒരു വിദ്യാര്‍ത്ഥിപോലും പ്രവേശനം നേടാത്ത സ്‌കൂളുകളുമുണ്ട്. ഇതെല്ലാം സംഘം പരിശോധിക്കും.

എന്നാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകരുടെ കുറവും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചൊന്നും പരിശോധന നടത്താതെ സ്‌കൂളുകളിലെ ക്ലറിക്കല്‍ പ്രവര്‍ത്തനങ്ങളും അച്ചടക്കവും മാത്രം പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.