ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ചുപ് ദ റിവഞ്ച് ഓഫ് ദ ആര്‍ടിസ്റ്റി’ന്റെ (Chup: Revenge of the Artist) സ്‌പെഷ്യല്‍ ഫ്രീവ്യൂ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ടിക്കറ്റ് ബുക്കിങ് ഓപ്പണായി 10 മിനിട്ടിനകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഈ വരുന്ന ചൊവ്വാഴ്ചയാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഫ്രീവ്യൂ സംഘടിപ്പിക്കുന്നത്. സാധാരണ പ്രേക്ഷകര്‍ക്ക് വേണ്ടി സൗജന്യമായാണ് പ്രിവ്യൂ ഷോ സംഘടിപ്പിക്കുന്നത്.
സാധാരണയായി സിനിമാ മേഖലയിലെ പ്രമുഖരെയും നിരൂപകരെയുമാണ് ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള പ്രിവ്യൂ ഷോകളിലേക്ക് ക്ഷണിക്കാറ്. എന്നാല്‍ ഇതിന് മാറ്റം വരുത്തിക്കൊണ്ട് പ്രേക്ഷകര്‍ക്ക് ഫ്രീവ്യൂ ഷോക്ക് അണിയറ പ്രവര്‍ത്തകര്‍ അവസരമൊരുക്കിയത്.
മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂര്‍, ബെംഗളൂരു, പൂനെ, ചെന്നൈ, ദല്‍ഹി, കൊച്ചി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളിലായാണ് പ്രിവ്യൂ ഷോ സംഘടിപ്പിക്കുന്നത്. ബുക്ക് മൈ ഷോയിലൂടെയായിരുന്നു ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം.
സെപ്റ്റംബര്‍ 23നാണ് ചുപ് തിയേറ്ററുകളിലെത്തുന്നത്. അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുക്കിയിരിക്കുന്നത്.
ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തര്‍, പൂജ ഭട്ട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അതേസമയം, ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ ചിത്രം സീതാ രാമം തെന്നിന്ത്യ കടന്ന് ബോളിവുഡില്‍ റിലീസ് ചെയ്തപ്പോഴും മികച്ച അഭിപ്രായമാണ് നേടുന്നത്. രശ്മിക മന്ദാനയും മൃണാല്‍ താക്കൂറും നായികമാരായെത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപ്പുടി ആണ്.
Content Highlight: Special free view tickets of Dulquer Salmaan movie Chup sold out within ten minutes