ന്യൂദൽഹി: കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ വിവരങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം നാലാഴ്ചക്കക്കം നൽകാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്പെഷ്യൽ സ്കൂൾ അധ്യാപകർ സ്ഥിരം നിയമനം ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേരളത്തിൽ നിന്ന് 153 അധ്യാപകരാണ് കോടതിയെ സമീപിച്ചത്.
ദേശീയ പുനരധിവാസ കൗൺസിലിന് (ആർ.സി.ഐ) കീഴിൽ പരിശീലനം നേടി, സ്ഥിരം നിയമനം ലഭിക്കാത്ത അധ്യാപകരുടെ വിവരങ്ങളാണ് നാല് ആഴ്ചക്കക്കം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.
ആർ.സി.ഐ പരിശീലനം നേടിയിട്ടും സ്ഥിരം നിയമനം ലഭിക്കാത്തത് ആരൊക്കെയാണ്, അവരുടെ ശമ്പള സ്കെയിൽ, ഏകീകൃത വേതനം, എത്രവർഷമായി അവർ തൊഴിൽ ചെയ്യുന്നു തുടങ്ങിയ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകേണ്ടത്.
ജസ്റ്റിസുമാരായ സി.ടി. രവികുമാർ, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം.
അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താൻ എന്തൊക്കെ നടപടികൾ എടുത്തുവെന്ന് കോടതി ചോദിച്ചു. അംഗീകാരം ലഭിച്ച തസ്തികകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കോടതിയുടെ നിർദേശമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലും അംഗീകാരം ലഭിച്ച തസ്തികകളുടെ വിശദാംശങ്ങൾ കോടതി ചോദിച്ചിരുന്നു.
സർക്കാർ സ്കൂളുകളിൽ സാധാരണ വിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് സ്പെഷ്യൽ എജുക്കേഷനിൽ പരിശീലനം നൽകിയിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വീണ്ടും വിശദീകരണം തേടുകയായിരുന്നു.
കഴിഞ്ഞ 24 വർഷമായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 2,900 സ്പെഷ്യൽ സ്കൂൾ അധ്യാപകരാണ് കേരളത്തിലുള്ളത്. അതേസമയം കേരളത്തിൽ 9,000ത്തോളം സ്പെഷ്യൽ അധ്യാപകരുടെ ആവശ്യമുണ്ടെന്ന് ഇവർ പറയുന്നു.
Content Highlight: Special educators in schools: Kerala among States told to nel of file additional affidavit by SC