ഉന്നാവ്: ഹത്രാസിൽ 19കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ വെറുതെ വിട്ട് യു.പി എസ്. സി/എസ്. ടി കോടതി. കേസിൽ പ്രതിച്ചേർക്കപ്പെട്ട രവി (35), ലവ് കുഷ് (23), രാമു (23) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവരോടൊപ്പം പ്രതിയാക്കപ്പെട്ട സന്ദീപിനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം കോടതി വിധിയിൽ വിശ്വാസമില്ലെന്നും പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
2020 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ദൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഹത്രാസിലെ തന്നെ താക്കൂർ വിഭാഗത്തിൽപെട്ടവരാണ് പ്രതി ചേർക്കപ്പെട്ടവർ.
മരണം ഉറപ്പാക്കിയ ശേഷം വീട്ടുകാരുടെ അനുവാദമില്ലാതെയായിരുന്നു പെൺകുട്ടിയുടെ മൃതദേഹം ഉദ്യോഗസ്ഥർ ദഹിപ്പിച്ചത്. ഇത് വലിയ രീതിയിൽ സർക്കാരിനെതിരായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബറിൽ പൊലീസ് നടപടിക്കെതിരെ അല്ലാഹബാദ് കോടതി സ്വമേധ കേസെടുത്തിരുന്നു. പിന്നീട് കേസ് സി. ബി. ഐക്ക് കൈമാറി
Content Highlight: Special court in UP acquitted three accused in hathras gangrape case, one convicted