കൊച്ചി: സംസ്ഥാനത്തെ നിയമസഭാ-പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റാരോപിതരായ കേസുകള്‍ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി നാളെ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓരോ സംസ്ഥാനത്തും ഇത്തരം കോടതികള്‍ വേണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഇത്. തല്‍ക്കാലം ഓരോ കോടതി വീതമാണ് ഒരു സംസ്ഥാനത്ത് തുറക്കുക.
എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും മാത്രമായുള്ള പ്രത്യേക കോടതി ഉദ്ഘാടനം ചെയ്യുന്നത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്രമോഹനാണ് നിര്‍വ്വഹിക്കുക.
എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലാണ് കേരളത്തിനായുള്ള കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രത്യേക കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും കുറ്റാരോപിതരായിട്ടുള്ള കേസുകളെല്ലാം ഇങ്ങോട്ട് മാറ്റും. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പദവിയാണ് പുതിയ കോടതിയ്ക്ക് ഉണ്ടാകുക.
കൊലപാതകം, ബലാത്സംഗം, സ്ത്രീപീഡനം തുടങ്ങി സെഷന്‍സ് കോടതിക്ക് മാത്രം വിചാരണ ചെയ്യാന്‍ അധികാരമുള്ള കേസുകള്‍ ആദ്യം പ്രത്യേക കോടതി പരിഗണിച്ച ശേഷം കൊച്ചിയിലെ തന്നെയുള്ള സെഷന്‍സ് കോടതിയിലേക്ക് മാറ്റം. നിലവില്‍ കേരളത്തില്‍ ഇത്തരത്തിലുള്ള 173 കേസുകളാണ് ഉള്ളത്. ചെറിയ കുറ്റകൃത്യങ്ങളാണ് ഭൂരിപക്ഷവും. സെഷന്‍സ് കോടതി വിചാരണം ചെയ്യേണ്ടതായി നാലു കേസുകള്‍ മാത്രമേയുള്ളു.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന അഞ്ചു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാരില്‍ ഒരാളെയാണു പ്രത്യേക കോടതിയിലേക്കു നിയോഗിക്കുക. ഓരോ സീനിയര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍, ബഞ്ച് ക്ലര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, നാലു ക്ലാര്‍ക്കുമാര്‍, രണ്ടു ടൈപ്പിസ്റ്റുകള്‍, രണ്ടു ഓഫിസ് അറ്റന്‍ഡര്‍മാര്‍, ഒരു പാര്‍ട് ടൈം സ്വീപ്പര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും ജീവനക്കാരുമായി 14 പേര്‍ പ്രത്യേക കോടതിയില്‍ ഉണ്ടാവും.