കോഴിക്കോട്: സംസ്ഥാനത്തെ പ്രളയ ദുരിത ബാധിതര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും സര്‍ക്കാറും സംയുക്തമായി ചേര്‍ന്ന് പ്രത്യേക ഇളവോടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പ്രളയ, ദുരിത ബാധിതരെന്ന് പ്രഖ്യാപിച്ചിട്ടുള്ള വില്ലേജില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്കാണ് നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക.
കൃഷി ആവശ്യത്തിന് നിലവിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയും ഭൂമിയുടെ വിസ്തീര്‍ണം, വിളവിന്റെ സ്വഭാവം എന്നിവയനുസരിച്ചും പ്രത്യേക ഇളവോടും മാര്‍ജിനോ അധിക ഈടോ കൂടാതെ പുതിയ വായ്പകള്‍ നല്‍കാനാണ് തീരുമാനം. നിലവില്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കും ഇനി നല്‍കാന്‍ പോകുന്ന വായ്പകള്‍ക്കും നിശ്ചിത സമയം വരെ സാധാരണ പലിശ മാത്രമേ ഈടാക്കുകയുള്ളുവെന്നും പിഴപ്പലിശ ഈടാക്കില്ലെന്നും കോഴിക്കോട് ലീഡ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇവര്‍ക്ക് വായ്പ അനുവദിക്കുക. ജൂലൈ 31ന് തിരിച്ചടവ് തെറ്റാത്ത അല്ലെങ്കില്‍ നിഷ്‌ക്രിയ ആസ്തി അല്ലാത്ത വായ്പകള്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍. പുതിയ ആനുകൂല്യങ്ങളും വായ്പകളും ആവശ്യം വരുന്ന അപേക്ഷകര്‍ നവംബര്‍ 25ന് മുമ്പായി ബാങ്കുകളുടെ ശാഖകളില്‍ സമര്‍പ്പിക്കണം.
ദുരിതത്തിലകപ്പെട്ടവരുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടവിനും ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ബാധിത വില്ലേജുകളില്‍പ്പെട്ട വ്യക്തിഗത വായ്പകള്‍ പരമാവധി 10,000 രൂപ വരെ ആവശ്യാനുസരണം 30 മാസംകൊണ്ട് തിരിച്ചടയ്ക്കാവുന്ന തരത്തില്‍ ഈടോ മാര്‍ജിനോ ഇല്ലാത്ത തരത്തില്‍ വായ്പ നല്‍കാനും തീരുമാനിച്ചതായും ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
‘പ്രളയം മൂലം നാശനഷ്ടം ഉണ്ടായ സാഹചര്യത്തില്‍ നിലവില്‍ വായ്പയുള്ള ആളുകള്‍ക്ക് ആ വായ്പ പെട്ടെന്ന് അടയ്ക്കാന്‍ സാധിക്കില്ല. അപ്പോള്‍ അതിന്റെ കാലാവധിയില്‍ മാറ്റം വരുത്തിയും മൊറട്ടോറിയം പ്രഖ്യാപിച്ചും താല്‍ക്കാലികമായി അവരെ സഹായിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ബുദ്ധിമുട്ടിലും വായ്പയില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് മുന്നോട്ടു പോവണമെങ്കില്‍ വായ്പകള്‍ ആവശ്യമായി വരും. അപ്പോള്‍ അത് നല്‍കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഫോര്‍മാറ്റ് മറ്റു ബാങ്കുകളിലേക്കും അയച്ചിട്ടുണ്ട്.’ കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ ശിവദാസന്‍ കെ.എം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പ്രളയ ദുരിത ബാധിതരായ കര്‍ഷകര്‍, വ്യാവസായ സംരഭകര്‍, ഭവന വായ്പ വേണ്ടവര്‍ എന്നിവരെ സഹായിക്കാന്‍ മറ്റു ചില പദ്ധതികള്‍ കൂടി ബാങ്ക് മുന്നോട്ടുവയ്ക്കുന്നുണ്ട്.
കാര്‍ഷിക വിളവായ്പയില്‍ നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ തിരിച്ചടവിനായി അഞ്ചു വര്‍ഷത്തെ അധിക കാലാവധിയും നല്‍കിയിട്ടുണ്ട്.
വിളനശിച്ചവര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവരില്‍ നിലവില്‍ വായ്പയെടുത്തവര്‍ക്ക് 12 മാസം മുതല്‍ 18 മാസം വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം നിലവിലെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധി നീട്ടി നല്‍കിയിട്ടുമുണ്ട്.
വ്യാപാര വ്യവസായ സംരംഭങ്ങള്‍ക്ക് നിലവിലുള്ള വായ്പകള്‍ക്ക് 12 മുതല്‍ 18 മാസം മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലുള്ള പ്രവര്‍ത്തന മൂലധന വായ്പകള്‍ 36 മാസം കൊണ്ട് തിരിച്ചടയ്ക്കാവുന്ന കാലാവധി വായ്പകളാക്കി മാറ്റും.
നിലവിലെ കാലാവധി വായ്പകള്‍ക്ക് ഒരു വര്‍ഷം വരെ മൊറട്ടോറിയവും തിരിച്ചടവിന് കൂടുതല്‍ കാലാവധിയുമുണ്ടാകും. സംരംഭകരുടെ ആവശ്യാനുസരണം നിലവിലെ സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി പുതിയ വായ്പകള്‍ അനുവദിക്കുമെന്നും ബാങ്ക് അറിയിച്ചു.
ഭവന വായ്പകള്‍ക്കും ഒരു വര്‍ഷം വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വീട് പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റ പണികള്‍ നടത്തുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി പുതിയ വായ്പയും അഞ്ചു ലക്ഷം വരെ മാര്‍ജിന്‍ ഇല്ലാതെ ലഭിക്കും.