തിരുവനന്തപുരം: ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവര്‍ധന നടപ്പിലാക്കുന്നതിന് പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പഠിക്കുന്ന വിദഗ്ധസമിതി. പെന്‍ഷന്‍ പ്രായവര്‍ധന എന്ന നിര്‍ദേശം നേരിട്ട് അവതരിപ്പിച്ചാല്‍ യുവജന സംഘടനകളില്‍ നിന്ന് വിമര്‍ശനം നേരിടും എന്നതിനാല്‍ വളഞ്ഞവഴിയിലൂടെയാണ് സമിതിയുടെ നീക്കം.
ഡോ. കെ.എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. വിരമിക്കേണ്ട പ്രായം 56ല്‍ നിലനിര്‍ത്തുകയും അതിന് ശേഷം നാല് വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കാനുമാണ് നിര്‍ദേശം. വിരമിക്കുന്ന ദിവസത്തിന്റെ തൊട്ടടുത്ത ദിവസം മുതല്‍ പുനര്‍നിയമനം നല്‍കും. ഈ കാലയളവിലെ സേവനം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ല. 60 വയസ്സും പുനര്‍നിയമന കാലയളവും പൂര്‍ത്തിയാക്കിയ ശേഷമാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക. ഇതിന് പലിശ നല്‍കും. നിലവില്‍ എത്രയാണോ ശമ്പളം ലഭിക്കുന്നത് അത്ര തന്നെയായിരിക്കും പുനര്‍നിയമന കാലത്തും ശമ്പളം ലഭിക്കുക.
ഇപ്പോള്‍ സര്‍വ്വീസിലുള്ള ജീവനക്കാര്‍ 60 വയസ്സുവരെ തുടരുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയേകുന്ന ഒന്നായിരിക്കും. ഇക്കാര്യം നടപ്പിലാക്കിയാല്‍ അടുത്ത കുറെ വര്‍ഷങ്ങളില്‍ പുതിയ നിയമനങ്ങള്‍ നടപ്പിലാക്കേണ്ടി വരില്ല. നിലവില്‍ തന്നെ പി.എസ്.സി നിയമനങ്ങള്‍ കൃത്യസമയത്ത് നടപ്പിലാക്കുന്നില്ലെന്ന് ആരോപണം ഉയരുമ്പോഴാണ് സമിതിയുടെ ഈ നിര്‍ദേശം.
നിര്‍ദേശം നടപ്പിലാക്കിയാല്‍ നാല് വര്‍ഷത്തെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മാറ്റിവെക്കാമെന്നതാണ് സമിതി പറയുന്നത്. 16,000 കോടി രൂപ ഇപ്രകാരം സര്‍ക്കാരിന് ലഭിക്കും. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ വലിയ ആശ്വാസം ലഭിക്കുന്ന ഒന്നായിരിക്കും ഈ നടപടിയെന്നും സമിതി വിലയിരുത്തുന്നു.
‘സര്‍ക്കാര്‍ ജോലികള്‍ കുറയുന്ന ഈ സമയത്ത് യുവതിയുവാക്കള്‍ക്ക് പരമാവധി ജോലി ലഭിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം. 56ല്‍ നിന്ന് 60 വയസ്സിലേക്ക് പ്രായക്രമം നീട്ടുമ്പോള്‍, ഒരു വര്‍ഷം 15000 തൊഴിലവസം വരികയാണെങ്കില്‍ തന്നെ അത്രയും യുവതിയുവാക്കള്‍ക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പോംവഴി എന്നത് യുവതിയുവാക്കള്‍ക്ക് നല്‍കേണ്ട ജോലി നല്‍കാതിരിക്കുക എന്നതല്ല. അതിന് പുതിയ സാമ്പത്തിക മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്.
പിന്‍വാതില്‍ നിയമനങ്ങളും സ്വപ്ന സുരേഷിനെ പോലെയുള്ളവര്‍ക്ക് നല്‍കുന്ന തുകയുമൊക്കെ നിര്‍ത്തിയാല്‍ തന്നെ സുഖമായി തൊഴില്‍ നല്‍കാന്‍ സാധിക്കും. പെന്‍ഷന്‍ പ്രായം തടയാതെ അറുപത് വയസ്സ് വരെ നീട്ടിക്കൊടുക്കുന്നത് യുവജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്.
കാര്യശേഷിയുടെ കാര്യമെടുക്കുമ്പോഴും യുവജനങ്ങള്‍ സര്‍വ്വീസിലേക്ക് വരേണ്ടതുണ്ട്. യുവജനങ്ങള്‍ വന്നാലെ ക്രിയാത്മകമായും ചടുലമായും ഭരണസംവിധാനത്തിന് മുന്നോട്ട് പോകാനാവൂ. സര്‍ക്കാരിന്റെ തൊഴില്‍ നയത്തോട് ഇപ്പോള്‍ തന്നെ യുവജനങ്ങള്‍ അസ്വസ്ഥരാണ്. അവരെ കൂടുതല്‍ അവഹേളിക്കുക എന്നതായിരിക്കും ഇപ്പോഴത്തെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ സംഭവിക്കുക. വിമര്‍ശനങ്ങള്‍ നിരവധി ഉയര്‍ന്നിട്ടും അത് പരിഗണിക്കാതെ സമിതി നിര്‍ദേശം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സമരരംഗത്തുണ്ടാവും’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. ശബരിനാഥന്‍ എം.എല്‍.എ പറഞ്ഞു.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ വിരമിക്കുന്ന കാലത്തെ ശമ്പളത്തിനനുസരിച്ചുള്ള പെന്‍ഷന്‍ നല്‍കണമായിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരം അതിന്റെ ആവശ്യം വരുന്നില്ല. താല്‍പര്യമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പുനര്‍നിയമനം നല്‍കുക. വിരമിക്കുന്നതിന് ആറ് മാസം മുമ്പ് താല്‍പര്യമുള്ള ഉദ്യോഗസ്ഥര്‍ അറിയിക്കണം.
‘വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതി മറക്കാതെ എഴുതിയിരിക്കുന്നത് നിലവിലെ ശമ്പള സ്‌കെയിലില്‍ തന്നെ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുമെന്നാണ്. ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാളെ പിരിച്ച് വിട്ട് 20000 രൂപയ്ക്ക് നിയമനം നടത്തിയാല്‍ സര്‍ക്കാരിന് ഒരു ലാഭവും ഇവരൊന്നും കാണില്ല. മുന്‍കാല പ്രാബല്യത്തോടെ പിന്‍വാതില്‍ നിയമനം നടത്തരുതെന്ന് പറയാനുള്ള ബുദ്ധിയും ഇവര്‍ കാണിക്കുന്നില്ല. സര്‍ക്കാര്‍ തന്നെ നിയമിക്കുന്ന കമ്മറ്റിംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയ്ക്ക് തുല്യമായ വേതനമൊക്കെയാണ് നല്‍കുന്നത്. അനാവശ്യമായി സംസ്ഥാനത്തെ പലതിനെയും കുറിച്ച് പഠിക്കാന്‍ വേണ്ടി നിയമച്ചിരിക്കുന്ന കമ്മറ്റികളുടെ ശമ്പളവും ഓഫീസ് കെട്ടിടവാടകയും കോടികള്‍ മുചിയ്ക്കുന്നുണ്ട്. നടക്കില്ലെന്നറിഞ്ഞിട്ടും ഒരു ശമ്പളപരിഷ്‌ക്കരണ കമ്മീഷനെ കാലാവധി നീട്ടി ശമ്പളം കൊടുക്കുന്നത് പോലെ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. റിപ്പോര്‍ട്ട് എങ്ങനെ എഴുതണമെന്ന് സര്‍ക്കാര്‍ തന്നെ പറയും അത്രയേ ഉള്ളൂ കാര്യം’, പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിനിധി ശരത് കുമാര്‍ പറഞ്ഞു.
നേരത്തെ ജീവനക്കാരുടെ വിരമിക്കല്‍ ദിനം ഏകീകരിച്ചിരുന്നു. ഈ നടപടി പെന്‍ഷന്‍ പ്രായം 56 ആക്കുന്നതിലാണ് എത്തിച്ചേര്‍ന്നത്. എക്പന്‍ഡീച്ചര്‍ റിവ്യൂ കമ്മറ്റി പല റിപ്പോര്‍ട്ടുകളിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം എന്ന് ശിപാര്‍ശ ചെയ്തിരുന്നു. ആദ്യം 58ഉം പിന്നീട് 60 വയസ്സും എന്നതായിരുന്നു ശിപാര്‍ശകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ