ഓണത്തിന് കേരള ആര്‍.ടി.സിയുടെ എട്ട് പ്രത്യേക ബസ് സര്‍വീസുകള്‍
Daily News
ഓണത്തിന് കേരള ആര്‍.ടി.സിയുടെ എട്ട് പ്രത്യേക ബസ് സര്‍വീസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2014, 4:52 pm

privat bus
[] ബംഗളുരു: ഓണാവധിക്ക് നാട്ടിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ആഗസ്ത് അഞ്ചിന് കേരള ആര്‍.ടി.സി എട്ട് പ്രത്യേക സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് വോള്‍വോ ബസ്സായിരിക്കും സര്‍വീസ് നടത്തുക. എല്ലാ ബസ്സുകളും കുട്ട, ഗോണിക്കുപ്പ വഴിയായിരിക്കും ഓടുന്നത്. സേലം വഴി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേരള ആര്‍.ടി. സിയുടെ ബാംഗ്ലൂര്‍ ചുമതല വഹിക്കുന്ന അഹമ്മദ് കബീര്‍ പറഞ്ഞു.

എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് ബസ്സുകളുണ്ടാകും. തിരവനന്തപുരത്തേക്കുള്ള വോള്‍വോ ബസ് വൈകുന്നേരം ആറിനും എറണാകുളത്തേക്ക് വൈകുന്നേരം 7.15നും എട്ടരയ്ക്കും ബസ് പുറപ്പെടും. കോഴിക്കോട്ടേക്കുള്ള പ്രത്യേക ബസ്സ് രാത്രി പത്തരയ്ക്കും 11.45നും പുറപ്പെടും. കോട്ടയത്തേക്ക് വൈകുന്നേരം 7.45നും തൃശ്ശൂരിലേക്ക് 8.15നും പുറപ്പെടും. ഇത് വരെ ഓണാവധിക്ക് 12 പ്രത്യേക സര്‍വീസുകളാണ് കേരള ആര്‍.ടി.സി പ്രഖ്യാപിച്ചത്.

തിരുവോണത്തിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിലേക്കുളള ബസ്സുകളിലും ട്രെയിനുകളിലും ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ തീര്‍ന്നിരുന്നു. തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് നാല് ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.