തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കാന്‍ കേരളത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്. എല്‍.ഡി.എഫും യു.ഡി.എഫും പ്രമേയത്തെ പിന്തുണയ്ക്കുമ്പോള്‍ ബി.ജെ.പി എതിര്‍ക്കും. ആംഗ്ലോ ഇന്ത്യന്‍ സംവരണം എടുത്തുകളയാനുള്ള കേന്ദ്ര നീക്കത്തിനെതിരായ പ്രമേയവും സഭ പരിഗണിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഒരു ദിവസത്തേക്കു നിയമസഭ കൂടുന്നത്. സഭയിലെയും പാര്‍ലമെന്റിലെയും പട്ടികജാതി/വര്‍ഗ സംവരണം 10 വര്‍ഷത്തേക്കു നീട്ടാനുള്ള പ്രമേയം അംഗീകരിക്കലാണു സഭയുടെ അജണ്ട.
ഇതു സംബന്ധിച്ച 126-ാം ഭരണഘടനാ ഭേദഗതി ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണു പരിഗണിക്കുക. അതിനൊപ്പം തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയവും പാസാക്കും.
അജണ്ടയിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാര്യോപദേശ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു പ്രമേയങ്ങളും പരിഗണിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍നടപടികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു.
തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ബി.ജെ.പി നേതാക്കളായ പദ്മകുമാറും എം.എസ് കുമാറും പ്രതിഷേധിച്ചിറങ്ങിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുഖ്യമന്ത്രിക്ക് ഇത്തരമൊരു യോഗം വിളിച്ചു ചേര്‍ക്കാന്‍ അധികാരമില്ലെന്നു യോഗത്തില്‍ നിന്നിറങ്ങിയ ശേഷം ബി.ജെ.പി പ്രതിനിധികള്‍ പറഞ്ഞു. ഗവര്‍ണറെ ആക്രമിച്ച വിഷയത്തിലും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കു നേരെയുണ്ടായ പ്രതിഷേധത്തിലും പ്രമേയങ്ങള്‍ പാസ്സാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.