ന്യൂദല്‍ഹി: സത്യം പറയുക എന്നത് ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ വിപ്ലവമായി മാറിയിരിക്കുകയാണെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും എതിരെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.
ലോക്‌സഭയില്‍ താന്‍ വലിയൊരു സാഹസപ്രവര്‍ത്തനം ആണ് ചെയ്തതെന്ന് കരുതുന്നില്ലെന്നും തന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ് സഭയില്‍ പറഞ്ഞതെന്നും മഹുവ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ലോക്‌സഭയില്‍ വലിയൊരു ധീരപ്രവര്‍ത്തനം നടത്തിയെന്നൊന്നും തോന്നുന്നില്ല എനിക്ക്. എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍, സത്യങ്ങള്‍ എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള കാര്യങ്ങളാണ് വിളിച്ചുപറഞ്ഞത്. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ എന്റെ അവകാശമാണത്. പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നമ്മുടെ രാജ്യത്തില്‍ ധൈര്യത്തിന് നല്‍കിയിരിക്കുന്ന അളവ് കോല്‍ എത്ര ചെറുതാണ് എന്നതാണ്. സത്യം പറയുക എന്നത് തന്നെ വലിയൊരു വിപ്ലവമായി മാറിയിരിക്കുകയാണ്. ചെറിയൊരു തീപ്പൊരി പോലും വലിയൊരു തീപ്പന്തമായി കാണുന്നവിധം സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും ബോധം മാറിയിരിക്കുന്നു, മഹുവ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ലോക്സഭാ സമ്മേളനത്തില്‍ കര്‍ഷകപ്രതിഷേധത്തെ ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു മഹുവ ഉന്നയിച്ചത്. ഇതിന് പിന്നാലെ മഹുവക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് മോഷന്‍ നടപടി സ്വീകരിച്ചേക്കാമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അവസാന നിമിഷം മഹുവ മൊയ്ത്രയ്‌ക്കെതിരെ നിയമനടപടിയെടുക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറുകയായിരുന്നു.
അതേസമയം തനിക്കെതിരെ നിയമനടപടിയുണ്ടായാല്‍ അത് അംഗീകാരമായി കരുതുമെന്നായിരുന്നു മഹുവ പ്രതികരിച്ചത്.
‘ഇന്ത്യയുടെ ഏറ്റവും ഇരുണ്ട മണിക്കൂറുകളില്‍ സത്യം പറഞ്ഞതിന് എനിക്കെതിരെ ബ്രീച്ച് ഓഫ് പ്രിവില്ലേജ് നടപടിയുണ്ടായാല്‍ അതെനിക്കൊരു പ്രിവില്ലേജ് ആയിരിക്കും’ മഹുവയുടെ ട്വീറ്റില്‍ പറയുന്നു.
ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്തിലൂടെയാണ് ഇന്ത്യയിപ്പോള്‍ കടന്നുപോകുന്നതെന്നായിരുന്നു ലോക്സഭയില്‍ മഹുവ മൊയ്ത്ര പറഞ്ഞത്. കര്‍ഷകസമരത്തിന്റെയും പൗരത്വപ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു മഹുവയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക