തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് സ്പീക്കറുടെ റൂളിംഗ്. ഏത് സാഹചര്യത്തിലാണ് ബജറ്റ് ചോര്‍ന്നതെന്ന് സഭയെ അറിയിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മംഗളം പത്രത്തില്‍ പ്രഖ്യാപനങ്ങളില്‍ ചിലത് പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ഇതോടെ ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സ്പീക്കറെ ചെന്നുകണ്ടിരുന്നു. പ്രതിപക്ഷം ബഹളമുണ്ടാക്കാതെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇതിനെക്കുറിച്ച് അതിനുശേഷം പരിശോധിക്കാമെന്നും സ്പീക്കര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പ്രശ്‌നം ഒതുങ്ങുകയായിരുന്നു.
എന്നാല്‍ അതിനുശേഷം കെ.എം മാണി ബജറ്റ് പ്രഖ്യാപനം ആരംഭിച്ചപ്പോള്‍ പത്രം റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ വരുമ്പോള്‍ കോടിയേരി എഴുന്നേറ്റ് നിന്ന് ഇത് ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
ബജറ്റ് അവതരണം കഴിഞ്ഞയുടന്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുകയും അന്വേഷണത്തിന് നിര്‍ദേശിക്കുകയുമായിരുന്നു.