സ്വാമി വേഷം ധരിച്ച് ഇസ്‌ലാം മതം സംസാരിക്കുന്നവര്‍ പ്രസംഗം അവസാനിപ്പിക്കുന്നത് ലാല്‍സലാം പറഞ്ഞ്: ഗൗരി ലക്ഷ്മി ഭായി
Kerala News
സ്വാമി വേഷം ധരിച്ച് ഇസ്‌ലാം മതം സംസാരിക്കുന്നവര്‍ പ്രസംഗം അവസാനിപ്പിക്കുന്നത് ലാല്‍സലാം പറഞ്ഞ്: ഗൗരി ലക്ഷ്മി ഭായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2024, 3:48 pm

തിരുവനന്തപുരം: സ്വാമി വേഷത്തില്‍ നടന്നുകൊണ്ട് ഏതാനും ചിലര്‍ ഇസ്‌ലാം മതം സംസാരിക്കുന്നുവെന്ന പരാമര്‍ശവുമായി മുൻ തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്. ഇത്തരത്തില്‍ ഇസ്‌ലാം മതം പറയുന്നവര്‍ അവരുടെ പ്രസംഗങ്ങള്‍ അവസാനിപ്പിക്കുന്നത് ലാല്‍ സലാം പറഞ്ഞുകൊണ്ടാണെന്ന് ഗൗരി ലക്ഷ്മി ഭായ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12ാംമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു ലക്ഷ്മി ഭായിയുടെ പരാമര്‍ശം.

ക്ഷേത്ര പ്രവേശന വിളംബരമാണ് കേരളത്തിലെ ഹിന്ദുക്കളുടെ ഐക്യത്തിന് കാരണമായതെന്ന് ഗൗരി ലക്ഷ്മി ഭായ് അവകാശപ്പെട്ടതായും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഗൗരി ലക്ഷ്മി ഭായിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിന് മുന്നേയും ലക്ഷ്മി ഭായി ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ വാടിപ്പോകുമെന്ന് ശാസ്ത്രം തെളിയിച്ചതാണെന്ന് ഗൗരി ലക്ഷ്മി ഭായ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വാദിച്ചിരുന്നു. ഇത് തന്റെ കണ്ടെത്തല്‍ അല്ലെന്നും കല്‍ക്കട്ടയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സ്‌പെരിമെന്റ് നടത്തി കണ്ടുപിടിച്ചതാണെന്നും പറഞ്ഞുകൊണ്ട് ഗൗരി ലക്ഷ്മി ഭായി വാദത്തെ ന്യായീകരിച്ചു.

കൂടാതെ വാസ്തുപ്രകാരം നിര്‍മിക്കാത്തത് കൊണ്ടാണ് നിയമസഭയില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നതെന്ന ഗൗരി ലക്ഷ്മി ഭായിയുടെ പരാമര്‍ശം വിവാദമായിരുന്നു.

നായന്‍മാരും നമ്പൂതിരിമാരും വര്‍മമാരും ജാതിപ്പേര് വെക്കുന്നതുപോലെ തന്നെയാണ് ക്ഷത്രിയ സ്ത്രീയെന്ന നിലയില്‍ തന്റെ ജാതിപ്പേരായ തമ്പുരാട്ടി എന്നും ജനാധിപത്യം വന്നെന്ന് കരുതി അവ മാറുകയില്ലെന്നും ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.

Content Highlight: Gauri Lakshmi Bhai says Speakers of Islam wearing Swami garb end their speeches by saying Lalsalam