സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 49,900 രൂപ; തുക സര്‍ക്കാരില്‍ നിന്ന്
Kerala News
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 49,900 രൂപ; തുക സര്‍ക്കാരില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd February 2018, 10:13 am

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ കണ്ണട വിവാദത്തിന് പിന്നാലെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വിവാദത്തില്‍.

സ്പീക്കര്‍ കണ്ണട വാങ്ങിയ വകയില്‍ 49,900 രൂപ പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റിയതായാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്.

ആരോഗ്യ ചിലവിനത്തില്‍ 4,25000 രൂപയും സര്‍ക്കാരില്‍ നിന്ന് വാങ്ങിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജ 28,800 രൂപ കണ്ണട വാങ്ങാനായി സര്‍ക്കാരില്‍ നിന്നും കൈപറ്റിയത് വലിയ വിവാദമായിരുന്നു.

ശൈലജ ടീച്ചര്‍ 28,000 രൂപയുടെ കണ്ണട വാങ്ങി ആ പണം റീഇമ്പേഴ്സ്മെന്റ് ചെയ്തു എന്നായിരുന്നു ആരോപണം.

എന്നാല്‍ കണ്ണിന് കാര്യമായ കുഴപ്പമുണ്ടെന്നും ഇടയ്ക്കിടെ കണ്ണട മാറ്റുന്നതിന് പകരം വിലയേറിയ ലെന്‍സ് വാങ്ങുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതുപ്രകാരമാണ് കണ്ണട വാങ്ങിയതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

എന്നാല്‍ ചികിത്സാചിലവ് അനര്‍ഹമായി കൈപ്പറ്റിയെന്ന പരാതിയില്‍ മന്ത്രിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ ഭര്‍ത്താവിന്റെ ചികിത്സയുടെ കൃത്യതയില്ലാത്ത ബില്ലുകളിലൂടെ സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റിയെന്ന പരാതിയും ഉണ്ടായിരുന്നു.

ചികിത്സാ സമയത്ത് ടീച്ചറിന്റെ ഭര്‍ത്താവ് മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനായിരുന്നു. നിയമസഭാംഗത്തെയോ, മന്ത്രിമാരെയോ ആശ്രയിച്ചു കഴിയുന്ന വ്യക്തിയുടെ ചികിത്സാ ചെലവിന് ആവശ്യമായ തുക ചട്ടം അനുസരിച്ച് റീ ഇമ്പേഴ്സ്മെന്റ് ചെയ്യുന്നതില്‍ അപാകതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.