|

കോടതിയുടെ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കം; എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി നടപടിക്കെതിരെ പി. ശ്രീരാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒറ്റപ്പാലം: എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒറ്റപ്പാലത്തു “പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദളിത് ജീവിതം” എന്ന വിഷയത്തില്‍ പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) നടത്തിയ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങളുടെ മേലെ കരിമ്പടം വിരിക്കാനുള്ള ഉപകരണമായി ജുഡീഷ്യറി മാറരുത്. നിയമ നിര്‍മാണസഭകളുടെ നിലപാടുകളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന കോടതി സമീപനം ഇന്ത്യന്‍ ജനാധിപത്യത്തിനു കളങ്കമാണ്, സ്പീക്കര്‍ അഭിപ്രായപ്പെട്ടു.


Also Read: നോട്ടുക്ഷാമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍: പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്ന് യു.പി നിവാസികള്‍


സുപ്രീംകോടതി പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്‍മേലെടുത്ത നടപടി കണ്ടാല്‍ ജുഡീഷ്യറി ഭരണഘടനയെയാണോ ചാതുര്‍വര്‍ണ്യത്തെയാണോ സംരക്ഷിക്കുന്നതെന്നു സംശയം തോന്നുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ ആദ്യം പ്രതികരിച്ചതു കേരള നിയമസഭയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ കക്ഷിചേരാനും സര്‍ക്കാര്‍ തീരുമാനിച്ചതായി സ്പീക്കര്‍ അറിയിച്ചു. ജനാധിപത്യം സംരക്ഷിക്കുക എന്ന കടമയും ജുഡീഷ്യറിക്കുണ്ട്.

ദളിത് പ്രശ്‌നങ്ങളെ ഒരു സമൂഹത്തിന്റെ മാത്രം പ്രശ്‌നമായി കണക്കാക്കാനാകില്ലെന്നും അതു ജനാധിപത്യ വികാസത്തിനെ ബാധിക്കുന്ന പ്രശ്‌നമാണെന്നും സ്പീക്കര്‍ പ്രതികരിച്ചു. സെമിനാറില്‍ സംസ്ഥാന എസ്.സി-എസ്.ടി കമ്മിഷന്‍ അംഗം എസ്. അജയകുമാര്‍, സി.പി.ഐ.എം ഏരിയാ സെക്രട്ടറി എസ്. കൃഷ്ണദാസ് എന്നിവരും പ്രസംഗിച്ചു.


watch doolnews video:

Latest Stories

Video Stories