| Sunday, 28th March 2021, 1:04 pm

അപ്പം ചുട്ടെടുക്കും പോലെ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കുന്ന തരത്തിലുള്ള മൊഴികള്‍: സ്വപ്‌നയുടെ മൊഴിയില്‍ വിശദീകരണവുമായി സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്കെതിരെയുള്ള സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പ്രതികരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പില്‍ ദുരുദ്ദേശത്തോടെ ശ്രീരാമകൃഷ്ണന്‍ ഫളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘മൊഴി’ എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സ്പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ‘മൊഴികള്‍’ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല . അതിനെ എല്ലതരത്തിലും നേരിടുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

‘തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കൊടുത്തതാണെന്ന മട്ടില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും,’ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്ബി പദ്ധതികളെ ആക്രമിക്കുന്നതില്‍ ഇത്തരം ഏജന്‍സികളും പ്രതിപക്ഷവും രാപകല്‍ പണിയെടുക്കുന്നത് തെരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണ്. നാട് അനുഭവിച്ച തീക്ഷണമായ പ്രതിസന്ധികളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലും സുരക്ഷയുമൊരുക്കി അവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയായ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ നല്‍കുന്ന പിന്തുണ ഇത്തരം കുത്സിത ശ്രമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയും എന്ന് ആരും വ്യാമോഹിക്കേണ്ട.

ഒരു മാര്‍ഗ്ഗത്തിലും കേരളത്തില്‍ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നത്. അത്തരം ശ്രമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നേരത്തെ വിദേശത്ത് സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്ന സ്വപ്നയുടെ മൊഴിയും അദ്ദേഹം പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. മൊഴി അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.

രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലസീര്‍ അഹമ്മദിനെ പരിചയമുണ്ട്. പക്ഷെ അതിന്റെ പേരില്‍ തനിക്കെതിരെ നിക്ഷേപമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Speaker Sreeramakrishnan about Swapna Suresh’s statement against him

We use cookies to give you the best possible experience. Learn more