'ഞാന്‍ ഈ കസേര കണ്ട് ജനിച്ചതല്ലല്ലോ, അവര്‍ ഉന്നയിക്കട്ടെ'; അവിശ്വസ പ്രമേയത്തില്‍ സ്പീക്കര്‍
Kerala News
'ഞാന്‍ ഈ കസേര കണ്ട് ജനിച്ചതല്ലല്ലോ, അവര്‍ ഉന്നയിക്കട്ടെ'; അവിശ്വസ പ്രമേയത്തില്‍ സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 8:42 am

തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ പി. ശീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണങ്ങള്‍ വ്യക്തത വരുത്താനാണെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരാളുടെ ജോലിയെ നിര്‍ണയിക്കുന്നത് ആ ജോലി അയാള്‍ എങ്ങനെ നിര്‍വഹിച്ചു എന്ന് നോക്കിയിട്ടാണ്. അങ്ങനെ നോക്കുമ്പോള്‍ സ്പീക്കര്‍ ആയിരിക്കുന്നത് സംബന്ധിച്ച് ഒരു ആരോപണവും എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

പിന്നെ രാഷ്ട്രീയത്തില്‍ ഇതൊക്കെ സംഭവിക്കാം. ഡോളര്‍ക്കടത്ത് കേസുമായോ സ്വര്‍ണക്കടത്ത് കേസുമായോ ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല.

ശൂന്യതയില്‍ നിന്നുണ്ടായ ആരോപണമാണ് എനിക്കെതിരെ ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം കഴിയുന്നതിന് പിന്നാലെ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളി. താന്‍ അങ്ങനെ ഒന്ന് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടും ദൗര്‍ഭാഗ്യകരമായ സംഭവമൊന്നുമല്ലിത്. ഞാന്‍ ഈ കസേര കണ്ട് ജനിച്ചതല്ലല്ലോ, രാഷ്ട്രീയത്തില്‍ ഇതെല്ലാം സംഭവിക്കുമെന്നും അവിശ്വാസ പ്രമേയത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സ്പീക്കര്‍ പറഞ്ഞു.

അര്‍ഹതയില്ലാത്ത അഭിനന്ദനങ്ങളും ഒരിക്കലും അറിയാത്ത കുറ്റങ്ങളും നമുക്കെതിരെ വന്നെന്നു വരാം. രണ്ടും ഏറ്റുവാങ്ങുക എന്നത് മാത്രമേ നിവൃത്തിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ സാധിക്കാത്ത രീതിയില്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകള്‍മാറുമ്പോള്‍ കേരള നിയമസഭ വിയോജിപ്പിന്റെ ശബ്ദം കൂടി കേള്‍ക്കാനുള്ള അവസരം ഒരുക്കുകയാണ്. അവര്‍ക്ക് പറയാനുള്ളത് അവര്‍ ഉന്നയിക്കട്ടെ എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Speaker Sreerama Krishnan on his non-confidence motion