| Wednesday, 13th June 2018, 2:10 pm

തന്നെ അപമാനിച്ച സ്പീക്കര്‍ക്കെതിരെ നടപടി വേണമെന്ന് വനിതാ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി. ധനപാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യവുമായി, പുറത്താക്കപ്പെട്ട നിയമസഭാംഗം എസ്. വിജയധരണി. സ്പീക്കര്‍ തന്നെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്താവന നടത്തിയെന്നും, അദ്ദേഹത്തെ ഉടനടി സ്ഥാനത്തുനിന്നും നീക്കണമെന്നുമാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്സ് എം.എല്‍.എയായ വിജയധരണി മുന്നോട്ടുവന്നിരിക്കുന്നത്.

താനുയര്‍ത്തിയ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധം പിടിക്കുകയും, തനിക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറെ വെല്ലുവിളിക്കുകയും ചെയ്ത വിജയധരണിയെ ചൊവ്വാഴ്ച സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. “എന്റെ ജില്ലയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിയമപ്രകാരം കിട്ടേണ്ട നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു എന്റെ ആവശ്യം. ബന്ധപ്പെട്ട മന്ത്രി മറുപടി തരാന്‍ തയ്യാറായിരുന്നെങ്കിലും, സ്പീക്കര്‍ ധനപാല്‍ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. എനിക്ക് മന്ത്രിയുമായി എന്തോ “വ്യക്തിപരമായ ഇടപാട്” ഉണ്ടെന്നു പറഞ്ഞ് എന്നെ അപമാനിക്കുകയാണ് ചെയ്തത്. സ്പീക്കറെ എത്രയും പെട്ടന്ന് സ്ഥാനത്തു നിന്നും നീക്കം ചെയ്യണം.” വിജയധരണി പറയുന്നു.

കാര്‍ഷിക വകുപ്പിന് അനുവദിച്ചിട്ടുള്ള ധനസഹായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, സ്വന്തം മണ്ഡലമായ കന്യാകുമാരി ജില്ലയിലെ വിളവന്‍കോടിലുണ്ടായ അപകടത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ത്താന്‍ ശ്രമിച്ച വിജയധരണിയെ സ്പീക്കര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിഷയം ഉടനടി ചര്‍ച്ചയ്‌ക്കെടുക്കാന്‍ വിജയധരണി ശഠിക്കുകയും, തുടര്‍ന്ന് സ്പീക്കര്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. ഇതിനു ശേഷവും തനിക്കെതിരെ നടപടിയെടുക്കാന്‍ വെല്ലുവിളിച്ചുകൊണ്ട് സ്പീക്കറുമായി വാഗ്വാദത്തിലേര്‍പ്പെട്ട എം.എല്‍.എയെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിട്ട് സഭയില്‍ നിന്നും പുറത്താക്കുകയായിരുന്നു.


Also Read: ‘രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം ഹിമാലയം ബ്ലണ്ടര്‍; മൂന്നിടത്ത് സീറ്റിനായി വിലപേശിയ മാണി ബി.ജെ.പിയിലേക്ക് പോകില്ലെന്ന് എന്തുറപ്പാണുള്ളത്’: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍


ഇതാദ്യമായല്ല വിജയധരണി സഭയില്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് സ്പീക്കര്‍ ധനപാല്‍ പ്രതികരിച്ചു. “അവരുടെ പെരുമാറ്റം നിങ്ങളെല്ലാവരും നേരില്‍ കണ്ടതാണല്ലോ. പുറത്താക്കുകയല്ലാതെ എനിക്കു വേറെ വഴിയുണ്ടായിരുന്നില്ല. ഇതുവരെ ഒരു സ്ത്രീയെയും ഞാന്‍ സഭയില്‍ നിന്നും പുറത്താക്കിയിട്ടുമില്ല.” സ്പീക്കര്‍ പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നും ധനപാല്‍ കൂട്ടിച്ചേര്‍ത്തു.

എം.എല്‍.എയെ പുറത്താക്കിയതിനെക്കുറിച്ച് പിന്നീട് കോണ്‍ഗ്രസ്സ് നേതാവ് കെ.ആര്‍. രാമസ്വാമി സഭയില്‍ ചോദ്യമുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വിഷയത്തില്‍ നിന്നും വ്യതിചലിക്കാതിരിക്കാന്‍ സ്പീക്കര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

We use cookies to give you the best possible experience. Learn more