Karnataka crisis
അവസാനത്തെ അടവും ഫലംകണ്ടില്ല; തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സ്പീക്കര്‍ക്ക് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 11, 09:28 am
Thursday, 11th July 2019, 2:58 pm

 

ന്യൂദല്‍ഹി: കര്‍ണാകയിലെ എം.എല്‍.എമാരുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സ്പീക്കര്‍ രമേഷ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

എന്നാല്‍ ഹരജി ഇന്ന് പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ‘ഇന്ന് രാവിലെ ഈ വിഷയം നാളെ കേള്‍ക്കാനായി മാറ്റിയതാണ്.’ എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എം.എല്‍.എമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു. എം.എല്‍.എമാരെ ഓരോരുത്തരെയായി കണ്ട് പ്രശ്നപരിഹാരത്തിന് കുറച്ചുകൂടി സമയം നേടാമെന്ന സര്‍ക്കാര്‍ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്.

ഓരോ ദിവസം ഓരോ എം.എല്‍.എമാരെയുമായി കണ്ട് ചര്‍ച്ച നടത്താനായിരുന്നു സ്പീക്കറുടെ തീരുമാനം. എന്നാല്‍ ഇന്ന് ആറു മണിക്കു തന്നെ എല്ലാ എം.എല്‍.എമാര്‍ക്കും ഒരുമിച്ച് സ്പീക്കറെ കാണാനുള്ള അവസരമൊരുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് എം.എല്‍.എമാരുടെ ഹരജി പരിഗണിച്ചത്. വെള്ളിയാഴ്ച വിമത എം.എല്‍.എമാരുടെ ഹരജി കോടതി വീണ്ടും പരിഗണിക്കും. അന്ന് കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സ്പീക്കര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.