ബെംഗ്‌ളൂരു: രാജിക്ക് തയ്യാറായാണ് താന്‍ സഭയിലെത്തിയതെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍. അത്രയ്ക്ക് മനം മടുത്തുവെന്നും തന്നെ ബലിയാടാക്കരുതെന്ന് പല തവണ ആവശ്യപ്പെതായും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു. ശേഷം പോക്കറ്റില്‍ നിന്നും ഒരു കത്തെടുത്ത്
യെദ്യൂരപ്പയ്ക്ക് കൈമാറുകയും ചെയ്തു.
അതേസമയം മുഖ്യമന്ത്രി പദം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി വ്യക്തമാക്കി. അധികാരം ഒരാളില്‍ നിഷിപ്തമല്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ വിമതര്‍ക്ക് വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.
‘തന്റെ സര്‍ക്കാര്‍ തെറ്റ്് ചെയ്തിട്ടില്ല. വിശ്വാസ വോട്ടെടുപ്പ് നടക്കട്ടെ, താന്‍ എവിടെയും ഓടിപോകുന്നില്ലെ’ന്നും കുമാരസ്വാമി വ്യക്തമാക്കി.
രാജിവച്ച സ്വതന്ത്ര എം.എല്‍എമാര്‍ താമസിക്കുന്ന അപ്പാര്‍ട്ടമെന്റിന് പുറത്ത് ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ബെംഗ്‌ളൂരില്‍ അടുത്ത രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിയമസഭയ്ക്കടുത്തുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമായ നിതേഷ് വിംബിള്‍ഡണ്‍ പാര്‍ക്കിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത്. കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.