സിദ്ധരാമയ്യ സംസാരിച്ചത് 40 മിനിറ്റോളം; പ്രസംഗം ദീര്‍ഘിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി; സഭയിലെത്താത്ത എം.എല്‍.എമാരുടെ എണ്ണം 21 ആയി
Karnataka crisis
സിദ്ധരാമയ്യ സംസാരിച്ചത് 40 മിനിറ്റോളം; പ്രസംഗം ദീര്‍ഘിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി; സഭയിലെത്താത്ത എം.എല്‍.എമാരുടെ എണ്ണം 21 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th July 2019, 12:56 pm

 

ബെംഗളുരു: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സംസാരിച്ചത് 40 മിനിറ്റോളം. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് വൈകിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധിച്ചു.

പ്രസംഗം 40 മിനിറ്റോളം നീണ്ടതോടെ എന്താണ് സിദ്ധരാമയ്യ ഉന്നയിക്കുന്ന ക്രമപ്രശ്‌നമെന്ന് സ്പീക്കര്‍ ചോദിച്ചു. ഇതിന് കൂറുമാറ്റ നിയമം പാര്‍ലമെന്റ് നിയമവിരുദ്ധാണെന്ന് പ്രഖ്യാപിക്കുന്നതുവരെ എങ്ങനെയാണ് എം.എല്‍.എമാര്‍ക്ക് കൂട്ടമായി രാജി നല്‍കാന്‍ കഴിയുകയെന്ന് സിദ്ധരാമയ്യ മറുപടി നല്‍കി.

രാജിവെച്ച 16 പേരുള്‍പ്പെടെ സഭയില്‍ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എം.എല്‍.എമാര്‍ക്കും വിപ്പുനല്‍കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം തങ്ങള്‍ക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും അദ്ദേഹം സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

‘ നിങ്ങളുടെ ഒരു അധികാരവും വിനിയോഗിക്കുന്നതില്‍ സഭ എതിരല്ല. ഇതില്‍ എനിക്കൊരു പങ്കുമില്ല. ഈ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ നിങ്ങള്‍ കക്ഷിചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.’ എന്നും സ്പീക്കര്‍ പറഞ്ഞു.

അതിനിടെ, രാജി സമര്‍പ്പിച്ച 15 വിമത എം.എല്‍.എമാര്‍ക്കും രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ക്കും പുറമേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി സഭയില്‍ എത്താതിരുന്നതോടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് 19 പേരുടെ കുറവാണുള്ളത്. സഖ്യത്തിന് പിന്തുണ നല്‍കിയിരുന്ന ബി.എസ്.പി എം.എല്‍.എ എന്‍ മഹേഷും സഭയില്‍ എത്തിയിട്ടില്ല.

അതിനിടെ ബി.ജെ.പി പക്ഷത്തുള്ള ഒരു എം.എല്‍.എയും സഭയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.