| Thursday, 6th June 2019, 5:56 pm

തൊട്ടപ്പനെ തൊടാതിരിക്കരുത്, കാണാതിരിക്കരുത് ; തൊട്ടപ്പനെ കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എഴുതുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തൊട്ടപ്പന്‍ സിനിമയെ പ്രകീര്‍ത്തിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സിനിമ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

കക്കപെറുക്കിയും വഴക്കടിച്ചും പ്രണയിച്ചും കാമിച്ചും ജീവിക്കുന്ന പച്ചമനുഷ്യന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തൊട്ടപ്പന്‍ മോഷ്ടാക്കളുടെ സത്യസന്ധതയുടെ ഗാഥ മാത്രമല്ല. ജീവിതത്തിന്റെ അവസാനം വരെ നീളുന്ന പ്രണയത്തിന്റെയും കപട പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയുമെല്ലാം സൂക്ഷ്മാംശങ്ങളുടെ ദര്‍ശനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഒരനുഭവം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണരൂപം വായിക്കാം

സിനിമയുടെ സാധ്യതകളെ ഏറ്റവും ഭംഗിയായി കൂട്ടിയോജിപ്പിച്ചും ദൃശ്യചാരുതയുടെ ആകാശങ്ങള്‍ സൃഷ്ടിച്ചും അഭിനയത്തികവിന്റെ അന്തരീക്ഷം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയും എഡിറ്റിംഗിന്റെ സൂക്ഷ്മത കൊണ്ട് ആകാംക്ഷ നിലനിര്‍ത്തിയും സംവിധാനത്തിന്റെ കൈയ്യടക്കം കൊണ്ട് മനോഹാരിത കൈവരിച്ചും തൊട്ടപ്പന്‍ തലതൊട്ടപ്പനായി ഉയര്‍ന്നു നില്‍ക്കുന്നു. ഒരു നവാഗത സംവിധായകനാണ് ഷാനവാസ് ബാവക്കുട്ടി. സിനിമ അദ്ദേഹത്തിന് ഒരു പാഷനാണ്. കിസ്മത്ത് എന്ന സിനിമയിലൂടെ പൊന്നാനിയുടെ ദൃശ്യസൗന്ദര്യത്തെയും പ്രണയത്തിന്റെ തീവ്രതയെയും മനോഹരമായി അവതരിപ്പിച്ച് കൈയ്യടി വാങ്ങിയ ഷാനവാസ് ബാവക്കുട്ടിയുടെ രണ്ടാമത്തെ സിനിമയാണ് തൊട്ടപ്പന്‍.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സിനിമ കൂടിയാണിത്. സിനിമ, അഭ്രപാളികളിലെ വിസ്മയക്കാഴ്ചമാത്രമാണെന്ന തെറ്റിദ്ധാരണ തിരുത്തിയും കറുത്തവനും തെരുവിലുറങ്ങുന്നവര്‍ക്കും ജീവിതത്തിന്റെ തന്നെ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും സിനിമയിലെ വര്‍ണ്ണശബളിമയില്‍ സ്ഥാനമുണ്ടെന്നും തെളിയിച്ചുകൊണ്ട് ജ്വലനശക്തിയോടെ കടന്നുവന്ന പ്രതിഭാശാലിയായ നടനാണ് വിനായകന്‍.

അദ്ദേഹം സിനിമയില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്. കമ്മട്ടിപ്പാടം പോലെയുള്ള സിനിമകളിലൂടെ വിനായകന്റെ അഭിനയത്തികവ് നാം കണ്ടതാണ്. എറണാകുളം നഗരത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശാനും അതുവഴി അവിടത്തെ പിന്നാമ്പുറ ജീവിതത്തിന്റെ നശ്വരതയും ഏതു നിമിഷവും തകര്‍ന്നുപോകാനിടയുള്ള ചീട്ടുകൊട്ടാരം പോലുള്ള അനുഭവങ്ങളുടെ വശ്യതയും കാണിച്ചുതന്ന അപൂര്‍വ്വമായ ചലനരീതികളുള്ള ഒരു പ്രതിഭാശാലിയാണ് വിനായകന്‍. വിനായകന്റെ തൊട്ടപ്പന്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഞെട്ടിച്ചിരിക്കുന്നു.

അദ്ദേഹത്തിന്റെ നോട്ടത്തില്‍ ഭാവത്തില്‍ ചലനത്തില്‍ എല്ലാം തുരുത്തില്‍ ജീവിക്കുന്ന പച്ച മനുഷ്യരുടെ എല്ലാ ഭാവങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അമ്മയില്‍ നിന്നും നടനത്തിന്റെയും അഭിനയത്തിന്റെയും സര്‍ഗ്ഗാത്മകതയുടെ ആഴങ്ങള്‍ സ്വീകരിക്കാന്‍ സാധിച്ച പ്രിയംവദ എന്ന പുതുമുഖനടി അസാധാരണമായ അഭിനയത്തികവിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.. കക്കപെറുക്കിയും വഴക്കടിച്ചും പ്രണയിച്ചും കാമിച്ചും ജീവിക്കുന്ന പച്ചമനുഷ്യന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തൊട്ടപ്പന്‍ മോഷ്ടാക്കളുടെ സത്യസന്ധതയുടെ ഗാഥ മാത്രമല്ല.

ജീവിതത്തിന്റെ അവസാനം വരെ നീളുന്ന പ്രണയത്തിന്റെയും കപട പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയുമെല്ലാം സൂക്ഷ്മാംശങ്ങളുടെ ദര്‍ശനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഒരനുഭവം കൂടിയാണ്. സിനിമ മനോഹരമായ ഒരനുഭവമായിത്തീരുന്നത് അത് ആകാംക്ഷയിലൂടെത്തന്നെ മുന്നോട്ടുപോകാന്‍ കഴിയുന്ന ഒരു സാഹചര്യമുള്ളപ്പോഴാണ്. ആകാംക്ഷ നിലനിര്‍ത്തിയും കാഴ്ചയുടെ ആകാശങ്ങള്‍ സൃഷ്ടിച്ചും അതിമനോഹരമായി കോര്‍ത്തിണക്കിയ തൊട്ടപ്പന്‍ മലയാള സിനിമയ്ക്ക് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്. തൊട്ടപ്പനെ തൊടാതിരിക്കരുത്, കാണാതിരിക്കരുത്
DoolNews Video

We use cookies to give you the best possible experience. Learn more