തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെയല്ല സ്വര്‍ണകടത്ത് കേസിലെ കുറ്റാരോപിതനായ സന്ദീപിന്റെ കടയുടെ ഉദ്ഘാടനത്തിന് പോയതെന്ന് വ്യക്തമാക്കി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഡിസംബര്‍ 31 ലെ പ്രത്യേക നിയമസഭ സമ്മേളനം കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നെടുമങ്ങാട് എത്തിയത്. സഭാ സമ്മേളനത്തിനിടെ സ്പീക്കര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ സ്പീക്കറുടെ ഓഫീസ് പുറത്തുവിട്ടു.
സഭ പിരിയുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസ്സാക്കുകയായിരുന്നു പ്രത്യേക സഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. സര്‍ക്കാര്‍ സര്‍വ്വീസിലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംവരണ കാലാവധി നീട്ടുന്നതിനുള്ള പ്രമേയവും നിയമ നിര്‍മ്മാണ സഭകളിലെ ആംഗ്ലോഇന്ത്യന്‍ പ്രാതിനിധ്യം എടുത്തു കളഞ്ഞതിനെരായ പ്രമേയവും സഭ പരിഗണിച്ചിരുന്നു. 12.38 ന് സമ്മേളനം അവസാനിക്കുമ്പോഴും സ്പീക്കര്‍ ഡയസ്സിലുണ്ടായിരുന്നെന്നാണ് വീഡിയോയില്‍ വ്യക്തമാവുന്നത്.
ഡിസംബര്‍ 31ന് കാര്‍ബണ്‍ ഡോക്ടര്‍ എന്ന പേരിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്പീക്കര്‍ക്കൊപ്പം സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സഭാ സമ്മേളനത്തിനിടെ സ്പീക്കര്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തി എന്ന ആരോപണങ്ങളുയര്‍ന്നത്.
ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചത് സ്വപ്‌നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരിലുള്ള മറ്റ് ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ഒരു മണിക്കാണ് സ്പീക്കര്‍ നെടുമങ്ങാടെത്തിയത്. പത്ത് മിനുട്ടിനകം മടങ്ങി.
അതേസമയം, സ്ഥലം എം.എല്‍.എ സി ദിവാകരന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചടങ്ങിന് പോകേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ സ്പീക്കര്‍ ഒരു പരിപാടിക്ക് പോവുകയാണെങ്കില്‍ സ്ഥലം എം.എല്‍.എയെ വിവരമറിയിക്കാറുണ്ട്. ഇക്കാര്യത്തില്‍ അതുണ്ടായില്ല. അറിയിച്ചിരുന്നെങ്കില്‍ പറഞ്ഞ് ഒഴിവാക്കുമായിരുന്നെന്നും സി ദിവാകരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ