'ഇതു വേറൊരു കാര്യമാണ്, അങ്ങ് ഉദ്ദേശിച്ചതുപോലല്ല'; പൗരത്വ നിയമത്തിനെതിരായ പ്രമേയമെന്നു തെറ്റിദ്ധരിച്ച് സഭയില്‍ എഴുന്നേറ്റ രാജഗോപാലിനോട് സ്പീക്കര്‍
Kerala News
'ഇതു വേറൊരു കാര്യമാണ്, അങ്ങ് ഉദ്ദേശിച്ചതുപോലല്ല'; പൗരത്വ നിയമത്തിനെതിരായ പ്രമേയമെന്നു തെറ്റിദ്ധരിച്ച് സഭയില്‍ എഴുന്നേറ്റ രാജഗോപാലിനോട് സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2019, 9:29 am

തിരുവനന്തപുരം: സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നാടകീയ സംഭവങ്ങള്‍. നിയമസഭയിലെയും പാര്‍ലമെന്റിലെയും പട്ടികജാതി/വര്‍ഗ സംവരണം 10 വര്‍ഷത്തേക്കു നീട്ടാനുള്ള പ്രമേയം വായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റപ്പോള്‍ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ എതിര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയമാണെന്നു കരുതിയാണു രാജഗോപാല്‍ എഴുന്നേല്‍ക്കുകയും എതിര്‍ക്കുകയും ചെയ്തത്.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതു നിയമവിരുദ്ധമാണെന്നും ഭരണഘടനയ്ക്കു യോജിച്ചതല്ലെന്നുമായിരുന്നു രാജഗോപാല്‍ പറഞ്ഞത്. എന്നാല്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

‘ഇതു വേറൊരു കാര്യമാണ്. അങ്ങ് മനസ്സിലാക്കിയിട്ടില്ല. ദയവായി ഇരിക്കൂ. അങ്ങ് ഉദ്ദേശിച്ചതുപോലല്ല, അങ്ങ് പറഞ്ഞതുപോലല്ല. സ്റ്റാറ്റിയൂട്ടറിയായി ചെയ്യേണ്ട കാര്യമാണ്,’ സ്പീക്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയവും നിയമസഭ പാസാക്കും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഒരു ദിവസത്തേക്കു നിയമസഭ കൂടിയത്.

അജണ്ടയിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാര്യോപദേശ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു പ്രമേയങ്ങളും പരിഗണിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍നടപടികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു.