| Tuesday, 11th September 2018, 11:12 am

പി.സി ജോര്‍ജ്ജിന്റേത് അന്തസ്സിന് ചേരാത്ത പരാമര്‍ശം; കേരളത്തെ പാതാളത്തോളം താഴ്ത്തുകയാണ് അദ്ദേഹം: സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പി.സി ജോര്‍ജ്ജിന്റേത് അന്തസ്സിലാത്ത പ്രസ്താവനയായിപ്പോയെന്നും കേരള നിയമസഭയുടെ വില കുറക്കുന്ന തരത്തിലായിപ്പോയി അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരളത്തെ പാതാളത്തോളം താഴ്ത്തുകയാണ് അദ്ദേഹം. സ്ത്രീയുടെ അവകാശത്തിന് വേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് അംഗീകരിക്കാനാവുന്നതല്ല.

ഇത്തരം വിഷയങ്ങളിലെല്ലാം പുരുഷ മേധാവിത്വപരമായ സമീപനമാണ് അദ്ദേഹം സ്വകീരിക്കന്നത.് അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനെന്നല്ല ആര്‍ക്കുമില്ല. പരാതി ഉന്നയിച്ചതിന്റെ പേരില്‍ അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവാവുന്നതല്ല. അവരെ വിളിച്ച പദവും അതില്‍ വിഷമമില്ല എന്ന പ്രസ്താവനയും അങ്ങേയറ്റം അപലപനീയമാണ്.

ആര് കന്യാസ്ത്രീയാണ് അല്ല എന്നത് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ല. ഒരാളേയും ഇത്തരത്തില്‍ അപമാനിക്കാനുള്ള അധികാരവും അദ്ദേഹത്തിനില്ല.


ഇന്ധന വില കുറക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍


സഭയുടെ ഭാഗമായുള്ള ആള്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് പ്രയാസകരമായ സാഹചര്യമാണ്. വിഷയം നിയസഭ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും. അദ്ദേഹത്തിന്റെ വിശദീകരണം ചോദിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും.

പല മാധ്യമങ്ങളിലും പല രീതിയില്‍ ഇത് കാണുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം നടപടികളെ കുറിച്ച് ആലോചിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ വിശദീകരണം തേടിയ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷക്കെതിരെ പരിഹാസവുമായി ഇന്നലെ പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു.

“കമ്മീഷന്റെ അധികാരമൊക്കെ ഒന്നൂകൂടെ നോക്കട്ടെ. ഡി.എയും ടി.എയും അയച്ചുതന്നാല്‍ ദല്‍ഹിക്ക് വരുന്നത് പരിഗണിക്കാം. എനിക്ക് ദല്‍ഹിയില്‍ പോകണമെങ്കില്‍ എത്ര രൂപ ചെലവാകും. അതിലും നല്ലത് കമ്മീഷന്‍ ഇങ്ങോട്ട് വരുന്നതല്ലേ. വനിതാ കമ്മീഷന്‍ സിറ്റിംഗ് കേരളത്തില്‍ നടത്തട്ടെ”- എന്നായിരുന്നു ജോര്‍ജിന്റെ പരിഹാസം.

ഈ മാസം 20ന് രാവിലെ 11.30ന് ഹാജരാകാനാണ് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ, പി.സി ജോര്‍ജിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജോര്‍ജ് സംസാരിച്ചത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജോര്‍ജിന്റെ വാര്‍ത്തസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു കൊണ്ടാണ് കമ്മിഷന്‍ ജോര്‍ജ്ജിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. ജോര്‍ജ്ജിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

We use cookies to give you the best possible experience. Learn more