തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ദോശ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ എന്‍. ശക്തന്‍. സഭയില്‍ എത്താതെയാണ് സ്്പീക്കര്‍ പ്രതിഷേധിക്കുന്നത്. അദ്ദേഹം ഓഫീസില്‍ എത്തിയെങ്കിലും സഭാ നടപടികളൊന്നും നിയന്ത്രിച്ചില്ല.
നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ ഡയസില്‍ കയറാതിരുന്നതിനെ തുടര്‍ന്ന് സഭ നിയന്ത്രിച്ചത് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ്. സ്പീക്കര്‍ സഭാനടപടികളും ചട്ടങ്ങളും പഠിക്കേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല ഇന്നലെ നടത്തിയ വിമര്‍ശനമാണ് സ്പീക്കറുടെ പ്രതിഷേധത്തിന് കാരണമായത്.
ഇന്നലെ പിന്തുടര്‍ച്ചാവകാശ ബില്‍ അവതരിപ്പിക്കുന്നതിനിടയില്‍ സ്പീക്കറെ ചെന്നിത്തല വിമര്‍ശിച്ചിരുന്നു.
ദോശ ചുടുന്നതുപോലെ ബില്‍ പാസാക്കുന്നു എന്നായിരുന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.സംസാരം ചുരുക്കി ബില്‍ പാസ്സാക്കുന്നതിനെയായിരുന്നു വിമര്‍ശിച്ചത്.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സമയം ചോദിച്ചിരിക്കുന്നതിനാല്‍ എത്രയും വേഗം സഭാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ സഭാ നാഥന്‍ കൂടിയായ അങ്ങ് ബില്ല് പോലെയുള്ള ഒരു സുപ്രധാന കാര്യം ചര്‍ച്ച ചെയ്യാതെ പാസ്സാക്കാന്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ദോശ ചുടുന്നത് പോലെ ബില്‍ പാസ്സാക്കാനാകില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇന്നലെ തന്നെ സ്പീക്കര്‍ പ്രതിഷേധത്തിലായിരുന്നു. ഇന്നലെ ചര്‍ച്ചയില്‍ കാര്യമായി ഇടപെടാതിരുന്ന എന്‍ ശക്തന്‍ ഇന്ന് ഡയസില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.