'ഈ ശൈലി ആവര്‍ത്തിക്കരുത്'; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്
Kerala News
'ഈ ശൈലി ആവര്‍ത്തിക്കരുത്'; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2022, 3:33 pm

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. സഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി അവ്യക്തമായി മറുപടി നല്‍കുന്നുവെന്ന പരാതിയിലാണ് താക്കീത്. നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പി.പി.ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരേ ഉത്തരം മന്ത്രി ആവര്‍ത്തിച്ചുവെന്നാണ് പ്രതിപക്ഷം ഉന്നയിച്ച പരാതി. കൊവിഡ് മഹാമാരിയുടെ കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുമ്പ് മന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പലപ്പോഴും ഒരേ ഉത്തരമാണ് ചോദ്യങ്ങള്‍ക്ക് മന്ത്രി നല്‍കിയതും.

പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഗൗരവത്തോടെ കാണാതെ മന്ത്രി മനപൂര്‍വം ഒഴിവാക്കുന്നുവെന്നും കാര്യങ്ങളുടെ വസ്തുതാപരമായ ഉത്തരം അറിയാനുള്ള സഭാംഗങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നുവെന്നും കാണിച്ച് വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചായിരുന്നു സ്പീക്കറുടെ ഇടപെടല്‍.

ഉത്തരങ്ങള്‍ കൃത്യമായി നല്‍കണമെന്നും അവ്യക്തമായ ഒരേ മറുപടി ആവര്‍ത്തിച്ച് നല്‍കുന്ന ശൈലി ആവര്‍ത്തിക്കരുത് എന്നുമാണ് സ്പീക്കര്‍ നല്‍കിയ താക്കീത്.

അതേസമയം, പേവിഷ വാക്സിനില്‍ ആരോഗ്യമന്ത്രിയെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. വാക്സിന്റെ ഗുണമേന്മ പരിശോധിക്കണം. ആരോഗ്യ വകുപ്പ് ഇതിനായി സമിതിയെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

‘പേവിഷ ബാധയേറ്റ് കുറച്ച് മരണം സംഭവിച്ചപ്പോള്‍ സമൂഹത്തില്‍ ആശങ്കയുണ്ടായിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം. നടപടി ആരോഗ്യ വകുപ്പ് സ്വീകരിക്കും.’ മുഖ്യമന്ത്രി പറഞ്ഞു.

വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നു പി.കെ. ബഷീര്‍ എം.എല്‍.എയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി വീണ ജോര്‍ജ് പറഞ്ഞത്.

ഐ.ഡി.ആര്‍.വിയും ഇമ്യൂണോ ഗ്ലോബലിനും കെ.എം.സി.എല്‍ മുഖേനയാണ് ലഭ്യമാക്കുന്നത്. ഇവയ്ക്ക് കേന്ദ്ര ലബോറട്ടറിയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്. ഇവയുടെ സംഭരണത്തിലും വിതരണത്തിലും കൃത്യമായിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നായിരുന്നു വീണ ജോര്‍ജ് സഭയെ അറിയിച്ചത്.

വൈറസ് വളരെ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്നത് കൊണ്ടാണ് വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധ മരണം സംഭവിക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Content Highlight: Speaker MB Rajesh warned Minister Veena George on the opposition’s complaint