| Thursday, 27th May 2021, 1:07 pm

'ഇത്തരം പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് പെരുമാറ്റച്ചട്ടത്തിലുള്ളതാണ്'; കെ. കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കും: സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടകര എം.എല്‍.എ കെ. കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം. ബി രാജേഷ്. കെ. കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.

‘നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്,’ സ്പീക്കര്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു കെ. കെ രമ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. എന്നാല്‍ ബാഡ്ജ് ധരിച്ച് എത്തിയത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി. പി പ്രേംകുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

നിയമസഭയ്ക്കുള്ളില്‍ യാതൊരു വിധത്തിലുമുള്ള ബാഡ്ജുകള്‍ ധരിക്കുവാനോ പ്രദര്‍ശിപ്പിക്കുവാനോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. മാതൃകാപരമായ തീരുമാനം സ്പീക്കര്‍ കൈക്കൊള്ളണമെന്ന് പരാതിയില്‍ ടി. പി പ്രേംകുമാര്‍ ആവശ്യപ്പെടുന്നു.

ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായ കെ. കെ രമ യു.ഡി.എഫിന്റെ പിന്തുണയോടെയാണ് വടകരയില്‍ വിജയിക്കുന്നത്. കോണ്‍ഗ്രസ് നിരുപാധിക പിന്തുണയാണ് തനിക്ക് നല്‍കിയതെന്നും, നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും കെ. കെ രമ പറഞ്ഞിരുന്നു.

നിയമസഭയില്‍ ക്രിയാത്മക പ്രതിപക്ഷമായി ആയിരിക്കും താന്‍ ഇരിക്കുകയെന്നും പ്രതിപക്ഷത്തെ പിന്തുണയ്‌ക്കേണ്ട ഘട്ടങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും രമ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Speaker MB Rajesh says he will check whether K K Rama’s oath taking against code of conduct

We use cookies to give you the best possible experience. Learn more