കോഴിക്കോട്: കൊളംബിയയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഗസ്റ്റാവോ പെട്രോ കൊളംബിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്.
മാഫിയ സംഘങ്ങള്‍ അരങ്ങുവാണിരുന്ന, സായുധ സംഘര്‍ഷങ്ങളും അശാന്തിയും സ്വാസ്ഥ്യം കെടുത്തിയിരുന്ന അഭിശപ്തമായ നാളുകളെപിന്നിട്ട് കൊളംബിയയില്‍ നീതിയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പുതുയുഗപ്പിറവിക്ക് ഇടതുപക്ഷ വിജയം കാരണമാകുമെന്ന് എം.ബി. രാജേഷ് പറഞ്ഞു.
കൊളംബിയ ഭൂമിയുടെ മറുപകുതിയിലാണെങ്കിലും മലയാളികള്‍ക്ക് ഏറെ പരിചിതമായ നാടാണ്. മലയാളികള്‍ ഏറെ വായിച്ചിട്ടുള്ള ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, കോളറക്കാലത്തെ പ്രണയം തുടങ്ങിയ കൃതികളിലൂടെ നമുക്ക് പ്രിയങ്കരനായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിലൂടെ കൊളംബിയയും മലയാളികള്‍ക്ക് സുപരിചിതമാണ്. ലാറ്റിനമേരിക്കന്‍ ഫുട്ബാളിന്റെ, വിശേഷിച്ച് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരായിരിക്കുമ്പോഴും മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഹിഗ്വിറ്റയുടെയും എസ്‌കോബാറിന്റെയും വാള്‍ഡറാമയുടെയും നാട്.
ഹിഗ്വിറ്റ
സെല്‍ഫ് ഗോളിന്റെ പേരില്‍ മാഫിയയുടെ വെടിയുണ്ടക്കിരയായി രക്തസാക്ഷിയായ എസ്‌കോബാറിന്റെ നഷ്ടത്തില്‍ വേദനിച്ചവരാണ് നാം. എന്‍.എസ്. മാധവന്‍ കഥയിലൂടെ അനശ്വരമാക്കിയ ഹിഗ്വിറ്റ നമ്മളില്‍ ഒരാളായി മാറി. പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന, ഗോള്‍മുഖത്തെ ഹിഗ്വിറ്റയുടെ ഏകാന്തത എന്‍.എസ്. മാധവന്റെ കഥ വായിച്ച ഓരോ മലയാളിയും അനുഭവിച്ചതാണ്. ആ കൊളംബിയ ഇപ്പോള്‍ ചരിത്രം കുറിച്ചിരിക്കുന്നു. രണ്ട് നൂറ്റാണ്ടിലേറെക്കാലത്തിനിടയിലെ ആദ്യത്തെ ഇടതുപക്ഷ വിജയത്തിലൂടെ. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ വിജയങ്ങള്‍ക്കൊപ്പം കൊളംബിയ കൂടി അണിചേരുമ്പോള്‍ അത് മലയാളികളും കൗതുകപൂര്‍വം വീക്ഷിക്കുക സ്വാഭാവികമാണെന്നും രാജേഷ് പറഞ്ഞു.
കൊളംബിയയിലെ ഇടതുപക്ഷ വിജയത്തോടെ പത്താമത്തെ ലാറ്റിനമേരിക്കന്‍ രാജ്യം ഇടതുപക്ഷ ഭരണത്തിലായിരിക്കുന്നു. കൊളംബിയയിലെ വിശാല ഇടതുപക്ഷ സഖ്യത്തിന്റെ നേതാവായ ഗുസ്താവോ പെത്രോ 50.88 ശതമാനം വോട്ട് നേടി അധികാരത്തിലെത്തിയതോടെ കൊളംബിയയിലെ പുതുചരിത്രത്തിന്റെ ഉദയവും ലാറ്റിനമേരിക്കയിലെ സമീപകാല ഇടതുപക്ഷ മുന്നേറ്റങ്ങളുടെ പരമ്പരയിലെ ഏറ്റവും തിളങ്ങുന്ന അധ്യായവുമായി. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് കൊളംബിയ. അതിനാല്‍ ഈ വിജയത്തിന്റെ മാനങ്ങള്‍ വളരെ വലുതാണെന്നും രാജേഷ് പറഞ്ഞു.
2018 മുതല്‍ ലാറ്റിനമേരിക്കയില്‍ അലയടിക്കുന്ന ഇടതുപക്ഷ തരംഗമാണ് കൊളംബിയയില്‍ ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തെ വിജയത്തിലെത്തിച്ചത്. 2018ല്‍ മെക്‌സിക്കോ, 2019ല്‍ അര്‍ജന്റീന, 2020ല്‍ ബൊളീവിയ, 2021 ല്‍ പെറു, നികരാഗ്വ, ഹോണ്ടുറാസ്, ചിലി എന്നിവിടങ്ങളിലും ഇടതുപക്ഷം അധികാരത്തിലെത്തി. ക്യൂബയില്‍ 1959 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലാണ്. 1999ല്‍ ഹ്യൂഗോ ഷാവേസിലൂടെ അധികാരം പിടിച്ചെടുത്ത വെനിസ്വേലയിലും ഇടതുപക്ഷം അധികാരത്തില്‍ തുടരുകയാണ്.
ലോകത്തുതന്നെ നവ ഉദാരവല്‍കരണ നയങ്ങളുടെ പരീക്ഷണശാലയായിരുന്നു ചിലി. എന്നാല്‍ ചിലിയില്‍ കഴിഞ്ഞ വര്‍ഷം ഇടതുപക്ഷം അധികാരത്തിലേറിയ ശേഷം പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പ്രഖ്യാപിച്ചത്, നവ ഉദാരവല്‍കരണ നയങ്ങളുടെ ശവപ്പറമ്പായിരിക്കും ചിലി എന്നാണ്. കൊളംബിയയിലെ ഇടതുപക്ഷ വിജയവും നവ ഉദാരവല്‍കരണ നയങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കുള്ള സാധൂകരണമാണെന്നും രാജേഷ് പറഞ്ഞു.
ലോകത്ത് നവ ഉദാരവല്‍കരണത്തിന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ വിജയം. ഇനി ഈ വര്‍ഷം നടക്കാനിരിക്കുന്ന ബ്രസീലിലെ തെരഞ്ഞെടുപ്പില്‍ ജൈര്‍ ബോള്‍സനാരോ( 2020 ലെ റിപ്പബ്ലിക്ക് ദിനത്തില്‍ ബോള്‍സനാരോയെ മുഖ്യാതിഥിയായി ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിവാദമായിരുന്നു) എന്ന തീവ്ര വലതുപക്ഷ നേതാവിന്റെ ഭരണകൂടത്തെ കടപുഴക്കിയെറിയുമെന്നും മുന്‍ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ലുല ഡിസില്‍വ അധികാരത്തിലെത്തുമെന്നുമുള്ള പ്രവചനങ്ങള്‍ ശരിയാവുമെന്ന് കൊളംബിയയിലെ ഇടതുപക്ഷ വിജയത്തോടെ ഉറപ്പായിരിക്കുന്നു.
അമേരിക്കയുടെ പിന്മുറ്റമെന്നറിയപ്പെട്ടിരുന്ന ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തെ തകര്‍ക്കാനും തെരഞ്ഞെടുക്കപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനും അമേരിക്ക നേരിട്ടുതന്നെ എക്കാലത്തും നേതൃത്വം കൊടുത്തിട്ടുണ്ട്. തങ്ങളുടെ പരിസരത്ത് ഇടതുപക്ഷം ഉയര്‍ന്നുവരുന്നത് അമേരിക്കക്ക് സഹിക്കാവുന്നതല്ല. എന്നാല്‍ സാമ്രാജ്യത്വ ഗൂഢാലോചനകളെ അതിജീവിക്കുന്ന ജനകീയ ഇച്ഛയുടെ വിജയമാണ് ഇപ്പോള്‍ ലാറ്റിനമേരിക്കയില്‍ കാണുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.