പാലക്കാട്: അടിയന്തരാവസ്ഥയേക്കാള്‍ ഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന പ്രസ്താവനയുമായി സ്പീക്കര്‍ എം.ബി. രാജേഷ്. നേരത്തെ അടിയന്തരാവസ്ഥ കാലത്ത് മാത്രമാണ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇത്രയും കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയതെന്ന് സ്പീക്കര്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രധാന സ്വാതന്ത്ര്യസമര സ്മാരകങ്ങളിലൊന്നായ ജാലിയന്‍ വാലാബാഗ് സ്മാരകത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മാറ്റങ്ങളെയും എം.ബി. രാജേഷ് വിമര്‍ശിച്ചു. ചരിത്രത്തിന്റെ കോര്‍പറേറ്റ് വത്കരണമാണ് നടക്കുന്നതെന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ വിമര്‍ശനത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ അമൃത്സറില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നവീകരിച്ച ജാലിയന്‍ വാലാബാഗ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ലേസര്‍ ഷോയും ഹൈടെക് ഗാലറിയും മറ്റ് ആധുനിക നിര്‍മാണപ്രവര്‍ത്തനങ്ങളും സ്മാരകത്തിന്റെ പൈതൃകം നഷ്ടപ്പെടുത്തി എന്നാണ് വിമര്‍ശനമുയരുന്നത്.
രക്തസാക്ഷികളുടെ ചരിത്രത്തെ അലങ്കരിച്ച് അവ്യക്തമാക്കുന്നത് പ്രതിഷേധാര്‍ഹവും ദുഖകരവുമാണെന്നും എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ക്ക് കക്ഷിരാഷ്ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമാണെന്നും ഭരണഘടനാ സ്ഥാപനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുമ്പോള്‍ നിശബ്ദനാകുന്നത് ഉത്തരവാദിത്തത്തോടുള്ള നീതികേടാണെന്നും എം.ബി. രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി തന്റെ മക്കള്‍ക്കെതിരെ വരെ നടക്കുന്ന വിദ്വേഷപ്രചരണങ്ങളില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയചുവയോടെയുള്ള സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പരപൂരകങ്ങളാണെന്നും രണ്ടും അപകടകരമാണെന്നും എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്കായിരിക്കും ഇന്ത്യയില്‍ അധികാരം പിടിച്ചെടുക്കാനാകുക എന്നതിനാല്‍ അത് കൂടുതല്‍ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.