തിരുവനന്തപുരം: ലിംഗനീതിയുമായി ബന്ധപ്പെട്ട മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ എം.ബി. രാജേഷ്. ലിംഗ സമത്വമെന്ന ആശയത്തെ പരിഹസിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പോലും പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം നിരാശാജനകവുമാണെന്ന് രാജേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.
ലിംഗ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തില്‍ സ്ത്രീകളെ തുല്യരായി കണക്കാക്കാന്‍ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരും.
ജനാധിപത്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരാള്‍ക്കും ലിംഗസമത്വമെന്ന ആശയത്തെ അധിക്ഷേപിക്കാനും തള്ളിക്കളയാനുമാവില്ല. ലിംഗസമത്വത്തെ തള്ളിക്കളയുകയെന്നാല്‍ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തള്ളിക്കളയുക എന്നാണര്‍ത്ഥം.
വിദ്യാര്‍ത്ഥികള്‍ അവരുടെ ഇഷ്ടാനുസരണമുള്ള വേഷം തെരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ വേഷം ഞങ്ങള്‍ നിശ്ചയിക്കുമെന്ന് കല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ലിംഗസമത്വമെന്ന ആശയത്തിനെതിരായ ആക്രമണങ്ങളെ ജനാധിപത്യ ബോധമുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ലിംഗ സമത്വമെന്ന പേരില്‍ സ്‌കൂളുകളില്‍ മത നിഷേധത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മുനീര്‍ പറഞ്ഞിരുന്നു. ലിംഗസമത്വമല്ല സാമൂഹിക നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന എം.എസ്.എഫ് സമ്മേളന വേദിയിലായിരുന്നു മുനീറിന്റെ പ്രതികരണം.
ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗസമത്വ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലീഗ് നേതാവിന്റെ വിമര്‍ശനം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ എതിര്‍ത്തുകൊണ്ട് വിചിത്രവാദങ്ങളാണ് മുനീര്‍ പ്രസംഗത്തിനിടെ ഉന്നയിച്ചത്.
കോഴിക്കോട് ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് സംബന്ധിച്ചാണ് എം.കെ. മുനീറിന്റെ പ്രതികരണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ അന്ന് രംഗത്തെത്തിയിരുന്നു.
CONTENT HIGHLIGHTS: Speaker M.B. Rajesh against the remarks of former minister and Muslim League leader MK Muneer related to gender justice