| Friday, 1st October 2021, 10:05 pm

ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ മുഖപ്രസംഗങ്ങളെഴുതിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്; വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്ന കേസില്‍ കോളേജിനെ വിമര്‍ശിച്ച് സ്പീക്കര്‍ എം. ബി. രാജേഷ്. പാലാ സെന്റ് തോമസ് കോളേജാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ആദ്യമായി പരാതി നല്‍കിയതെന്നും ഇന്ന് അതേ കോളേജിലാണ് ഒരു വിദ്യാര്‍ത്ഥി കഴുത്തുറത്ത് കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റേഴ്‌സ് അവറിലായിരുന്നു സ്പീക്കറുടെ പ്രതികരണം.

കോളേജിലെ സ്റ്റുഡന്‍സ് യൂണിയന്റെ മാഗസിന്‍ എഡിറ്റര്‍ക്ക് അറ്റന്റന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോളേജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്നതിലേക്ക് നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

‘അന്ന് കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന സോജന്‍ ഫ്രാന്‍സീസിന് ഹാജര്‍ നല്‍കാത്തതായിരുന്നു കേസിന്റെ തുടക്കം. കേസില്‍ കോളേജ് ജയിക്കുകയും ചെയ്തിരുന്നു. ഇന്ന് അതേ കോളേജിലാണ് ഒരു വിദ്യാര്‍ത്ഥിയെ സഹപാഠി കൊലപ്പെടുത്തിയിരിക്കുന്നത്.

അന്ന് ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ മുഖപ്രസംഗങ്ങളെഴുതിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. തെറ്റുപറ്റിയെന്ന് അവര്‍ സമ്മതിക്കേണ്ടതുണ്ട്.

ഞാന്‍ അന്ന് എസ്.എഫ്.ഐ നേതാവായിരുന്നു. ക്യാമ്പസ് രാഷ്ട്രീയത്തിലെ അക്രമങ്ങളെ തിരുത്തേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണെന്ന് ഞങ്ങളുള്‍പ്പെടെയുള്ളവര്‍ അന്ന് പറഞ്ഞതാണ്. അതേസമയം അതിനെ നിരോധിക്കുക എന്നതല്ല പരിഹാരം,’ എം.ബി. രാജേഷ് പറഞ്ഞു.

അവനവന് വേണ്ടത് ഏത് വിധേനയും നേടിയെടുക്കുക എന്ന മനോഭാവമാണ് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നതെന്നും അതിന് ആരേയും കത്തിമുനയിലും തോക്കിന്‍ മുനയില്‍ നിര്‍ത്താനും മടിക്കുന്നില്ലെന്നതാണ് കണ്ടുവരുന്നതെന്നും തികച്ചും അരാഷ്ട്രീയ മനോഭാവമാണിതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘രോഗാതുരവും അരാഷ്ട്രീയവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണിത്. സമൂഹത്തില്‍ ഹിംസയും അക്രമവും ഉണ്ടാകുമ്പോള്‍ അതിന്റെ പ്രതിഫലനമാവും ക്യാമ്പസുകളില്‍ കാണുന്നത്.

ക്യാമ്പസുകളില്‍ രാഷ്ട്രീയം ഇല്ലാതാക്കിയതു കൊണ്ട് ഹിംസയും ആക്രമണവും ഇല്ലാതാവില്ലെന്നാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. സമൂഹത്തിലാകെ ഹിംസ വളര്‍ന്നുവരുന്നതാണ് കണ്ടുവരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലാ സെന്റ് തോമസ് കോളേജില്‍ നടന്നത്.

ഇത് ഒടുവിലത്തെ സംഭവമായിരിക്കുമെന്ന് കരുതുന്നത് വിഢിത്തമായി പോകും. ഇത്തരം സംഭവങ്ങളുടെ സാമൂഹിക പരിസരം മനസ്സിലാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യം,’ അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയായിരുന്നു പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചത്. തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് ആക്രമണത്തിനിരയായത്. സഹപാഠി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.

കൂത്താട്ടുകുളം സ്വദേശിയാണ് ഇയാള്‍. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. മൂന്നാം വര്‍ഷ ബി.വി.ഒ.സി വിദ്യാര്‍ത്ഥിനിയാണ് നിതിന മോള്‍.

പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷയെഴുതി നേരത്തെ ഇറങ്ങിയ ശേഷം ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Speaker in the incident where a student was stabbed to death

Latest Stories

We use cookies to give you the best possible experience. Learn more