Kerala News
ബാര്‍ കോഴക്കേസ്; രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 01, 01:09 pm
Tuesday, 1st December 2020, 6:39 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സ്പീക്കര്‍. ബാര്‍ കോഴക്കേസിലാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി വിജിലന്‍സ് ഫയല്‍ സര്‍ക്കാരിന് കൈമാറുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്താനുള്ള അനുമതിയും വിജിലന്‍സ് സര്‍ക്കാരിനോട് തേടിയിരുന്നു.

ഇതിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നായിരുന്നു ബിജു രമേശ് പറഞ്ഞത്.

ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തനിക്കെതിരായ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Speaker granted permission in vigilance investigation against Ramesh Chennithala