| Tuesday, 8th October 2024, 9:52 pm

ഭരണപക്ഷത്തുമല്ല പ്രതിപക്ഷത്തുമല്ല, നടുക്ക്; പി.വി. അന്‍വറിന് പുതിയ സീറ്റനുവദിച്ച് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന് നിയമസഭയില്‍ പുതിയ സീറ്റ് അനുവദിച്ചു. അന്‍വറിന്റെ അപേക്ഷയെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നടുവിലായി നാലാം നിരയിലാണ് പുതിയ സീറ്റ് അനുവദിച്ചത്.

നേരത്തെ എല്‍.ഡി.എഫ് പാര്‍ലമെന്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായതോടെ അന്‍വറിന് പ്രതിപക്ഷത്തോടൊപ്പമായിരുന്നു സ്പീക്കര്‍ സീറ്റ് അനുവദിച്ചത്. എന്നാല്‍ അന്‍വര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് അന്‍വര്‍ ഈ ദിവസങ്ങളില്‍ സഭയില്‍ പങ്കെടുത്തിരുന്നുമില്ല.

സ്വതന്ത്രബ്ലോക്കായി പുതിയ സീറ്റ് അനുവദിച്ചില്ലെങ്കില്‍ അടുത്ത ദിവസം നിയമസഭയില്‍ പോയി തറയിലിരിക്കുമെന്നും അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തനിക്ക് മറ്റൊരു സീറ്റ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും സഭക്ക് പുറത്ത് സ്പീക്കറുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സ്പീക്കര്‍ തന്നെ പ്രതിപക്ഷത്തിനൊപ്പം ചേര്‍ക്കണ്ടെന്നും തനിക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള സീറ്റ് അനുവദിക്കണമെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്.

മാത്രവുമല്ല എല്‍.ഡി.എഫ് പാര്‍ലമന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്ഥിതിയില്‍ താന്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറല്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇത്തരം വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ നിയമസഭയില്‍ അന്‍വറിന് പുതിയ സീറ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരിക്കുന്നത്.

അതേസമയം അന്‍വര്‍ ഇന്ന് വൈകീട്ട് സ്പീക്കറെ കാണുകയും ചെയ്തിരുന്നു. താന്‍ ഉന്നയിച്ചിട്ടുള്ള വിവാദ വിഷയങ്ങള്‍ ഗവര്‍ണറുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് രാജ്ഭവന് പുറത്ത് വെച്ച് അന്‍വര്‍ പറഞ്ഞത്. മാത്രവുമല്ല തനിക്ക് സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഗവര്‍ണറിലും അതിന് മുകളില്‍ ജുഡീഷ്യറിയിലും ഏറ്റവും മുകളില്‍ രാഷ്ട്രപതിയിലുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

content highlights: Speaker allotted a new seat to  P.V. Anwar in the assembly

We use cookies to give you the best possible experience. Learn more