ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു. പ്രമേയത്തില്‍ ചര്‍ച്ചക്കുള്ള തിയതി അറിയിച്ചിട്ടില്ല. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയും ബി.ആര്‍.എസ് എം.പി നാമ നാഗേശ്വര റാവുവുമായിരുന്നു അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയിരുന്നത്.
സഭയില്‍ 50 അംഗ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസ പ്രമേയം പരിഗണിക്കൂ. കോണ്‍ഗ്രസിന് ആവശ്യമായ പിന്തുണ ലഭിച്ചേക്കുമെങ്കിലും ബി.ആര്‍.എസിന് 9 സീറ്റുകള്‍ മാത്രമാണ് ലോക്‌സഭയില്‍ ഉള്ളത്.
543 അംഗ ലോക്‌സഭയില്‍ എ.ഡി.എയ്ക്ക് 331 അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷമായ ഇന്ത്യക്ക് 144 അംഗങ്ങളാണ് ഉള്ളത്. ലോക്‌സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുള്ളത് കൊണ്ട് അവിശ്വാസ പ്രമേയം പാസാകാന്‍ സാധ്യതയില്ല.
മണിപ്പൂര്‍ വിഷയത്തില്‍ അമിത് ഷാ ചര്‍ച്ച നടത്തുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് പ്രസ്താവന നടത്തിക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്.
ജൂലൈ 20ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇരു സഭകളിലുമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്. നിരവധി തവണ സഭ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രധാനമന്ത്രി പ്രസാതാവന നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകളേന്തിയുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പ്രധാന മന്ത്രി തന്നെ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പാര്‍ലമെന്റിലെ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
നേരത്തെ, മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ കത്തയച്ചിരുന്നു. സര്‍ക്കാരിന് യാതൊരു ഭയവുമില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുള്ളവരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും അധീര്‍ രഞ്ജന്‍ ചൗധരിക്കും അയച്ച കത്തും അമിത് ഷാ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പാര്‍ട്ടിക്ക് അതീതമായുള്ള ഒരു സഹകരണം ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നും തേടുന്നുവെന്നാണ് കത്തില്‍ പറയുന്നത്.
Content Highlight: Speaker accept No-Trust Vote In Parliament