'ആരോഗ്യവാനായി കര്‍മപഥത്തിലേക്ക് തിരിച്ചെത്തട്ടെ'; കാന്തപുരത്തെ സ്പീക്കര്‍ സന്ദര്‍ശിച്ചു
Kerala News
'ആരോഗ്യവാനായി കര്‍മപഥത്തിലേക്ക് തിരിച്ചെത്തട്ടെ'; കാന്തപുരത്തെ സ്പീക്കര്‍ സന്ദര്‍ശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th October 2022, 11:37 pm

കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സന്ദര്‍ശിച്ചു. കോഴിക്കോട്ടെ മൈത്ര ആശുപത്രിയില്‍ എത്തിയാണ് ഷംസീര്‍ അദ്ദേഹത്തെ കണ്ടത്.
ഉടന്‍ പൂര്‍ണ ആരോഗ്യവാനായി അദ്ദേഹത്തിന് കര്‍മപഥത്തിലേക്ക് തിരിച്ചെത്താന്‍ കഴിയട്ടെ എന്നും സ്പീക്കര്‍ ആശംസിച്ചു.

‘പ്രിയപ്പെട്ട എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ മൈത്ര ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയോട് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യവാനായി അദ്ദേഹത്തിന് കര്‍മപഥത്തിലേക്ക് തിരിച്ചെത്താന്‍ കഴിയട്ടെ എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു,’ എന്നാണ് ഇതുസംബന്ധിച്ച ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് എ.എന്‍. ഷംസീര്‍ കുറിച്ചത്.

അതേസമയം, രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് കാന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായതായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

സമസ്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ബന്ധുക്കളുമായി സംസാരിച്ചതായും വ്യക്തമാക്കിയിരുന്നു. ചികിത്സക്ക് വേണ്ടി പ്രത്യേകം രൂപീകരിച്ച മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കാന്തപുരം ഇപ്പോള്‍.