മുസ്‌ലിങ്ങള്‍ക്കിന്ന് വിശ്വസിക്കാനാകുന്നത് സി.പി.ഐ.എമ്മിനെ; 2014ല്‍ നുണപറഞ്ഞ് എന്നെ തോല്‍പ്പിച്ചത് ഇസ്‌ലാമിസ്റ്റുകള്‍: എ.എന്‍. ഷംസീര്‍
Kerala News
മുസ്‌ലിങ്ങള്‍ക്കിന്ന് വിശ്വസിക്കാനാകുന്നത് സി.പി.ഐ.എമ്മിനെ; 2014ല്‍ നുണപറഞ്ഞ് എന്നെ തോല്‍പ്പിച്ചത് ഇസ്‌ലാമിസ്റ്റുകള്‍: എ.എന്‍. ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2023, 3:39 pm

 

തിരുവനന്തപുരം: മുസ്‌ലിം മത വിശ്വാസികള്‍ക്ക് ഇന്ന് വിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷവും സി.പി.ഐ.എമ്മുമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. തീവ്രവാദത്തിന്റെ പാത സ്വീകരിക്കുന്നവന്‍ മുസ്‌ലിമല്ലെന്നും ഖുര്‍ആന്‍ ആരംഭിക്കുന്നത് തന്നെ അല്ലെയോ ജനങ്ങളെ എന്ന് അഭിസംബോധന ചെയ്താണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുസ്‌ലിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റിയത് സി.പി.ഐ.എം ആണെന്നുള്ള ഒരു ഫീലിങ് ഇപ്പോഴുണ്ട്. എന്റേതൊക്കെ ഒരു ട്രെഡീഷണല്‍ ലെഫ്റ്റ് ഫാമിലിയാണ്. എന്നാല്‍ പൊതുവില്‍ മൈനോരിറ്റി വിഭാഗത്തില്‍ നിന്നുള്ളയാളുകള്‍ സംഘടനയുമായി കൂടുതല്‍ അടുക്കുന്നുണ്ട്.

മലപ്പുറത്തൊക്കെ ഇടുതുപക്ഷത്തിന് ഒരുപാട് കേഡര്‍മാരുണ്ട്. ഇലക്ട്രല്‍ പൊളിറ്റിക്‌സില്‍ ജയിക്കാന്‍ പറ്റുന്നില്ലെങ്കിലും പൊതുവില്‍ മുസ്‌ലിം ചെറുപ്പക്കാരും സ്ത്രീകളും ഉള്‍പ്പെടെ നല്ല രീതിയില്‍ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും സി.പി.ഐ.എമ്മിന്റെയുമൊക്കെ ഭാഗമാകുന്നുണ്ട്,’ ഷംസീര്‍ പറഞ്ഞു.

രാജ്യത്ത് ഇന്ന് മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊതുവായ മതേതര കൂട്ടായ്മകള്‍ക്ക് മാത്രമെ കഴിയുകയുള്ളുവെന്നും മുസ്‌ലിങ്ങള്‍ മാത്രമായി പ്രശ്‌ന പരിഹാരത്തിനിറങ്ങിയാല്‍ അത് അപകടകരമാണെന്നും ഷംസീര്‍ പറഞ്ഞു.

‘ഇസ്‌ലാമില്‍ നുണ പറയാന്‍ പാടില്ലെന്നാണ്. എന്നാല്‍ ചില ഇസ്‌ലാമിസ്റ്റുകള്‍ നുണ പ്രചരിപ്പിക്കുകയാണ്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്നെ ഇത്തരം നുണ പറഞ്ഞാണ് തോല്‍പ്പിച്ചത്.

സി.പി.ഐ.എം പ്യുവര്‍ലി സെക്കുലറായതുകൊണ്ട് തന്നെ എല്ലാ വിശ്വാസികള്‍ക്കും അതിലേക്ക് കടന്നുവരാം. എല്ലാ വിശ്വാസത്തെയും സി.പി.ഐ.എം റെസ്‌പെക്ട് ചെയ്യും. മറ്റുള്ളതൊക്കെ അപവാദ പ്രചരണങ്ങളാണ്.

രാജ്യത്ത് ഇപ്പോള്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമായി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാക്കില്ല. എല്ലാ മതവിശ്വാസികളുടെയും പിന്തുണയോടെ മാത്രമെ ഈ പ്രശ്‌നം പരിഹരിക്കാനാകു.

മുസ്‌ലിങ്ങള്‍ മാത്രം തങ്ങളുടെ പ്രശ്‌നം പരിഹരിക്കുമെന്നത് അപകടകരമാണ്. അപ്പോള്‍ മറുഭാഗം ശക്തിപ്പെടും. ഇന്ത്യയിലെ ഭൂരിക്ഷ ഹിന്ദു സമൂഹം ആര്‍.എസ്.എസ് അല്ല. ആ ആനുപാതം 40 ശതമാനത്തില്‍ താഴെയാണിപ്പോഴും,’ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.