| Monday, 14th December 2020, 5:50 pm

ആദ്യം മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതത്തെപ്പറ്റി സംസാരിക്കൂ; കര്‍ഷകസമരത്തെ പിന്തുണച്ചതില്‍ താക്കറെയ്‌ക്കെതിരെ ഫട്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ പിന്തുണച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ആദ്യം സംസാരിക്കൂവെന്നായിരുന്നു ഫട്‌നാവിസിന്റെ വിമര്‍ശനം.

‘ദല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കുന്നതിന് മുമ്പ് മഹാരാഷ്ട്രയിലെ കര്‍ഷകരെ പറ്റി സംസാരിക്കൂ. പ്രതിഷേധിക്കുന്നവരെ വീടുകയറി തല്ലിച്ചതയ്ക്കുകയാണ് ഇവിടെ. എന്നിട്ട് ദല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുന്നു. അത് അടിയന്തര സാഹചര്യമാണെന്നും പറയുന്നു’, ഫട്‌നാവിസ് പറഞ്ഞു.

നേരത്തെ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഫട്‌നാവിസ് പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെങ്കില്‍ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ തടയുന്ന രീതി കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതായി തോന്നുന്നുണ്ടെന്നായിരുന്നു വിമര്‍ശനത്തിന് താക്കറെ നല്‍കിയ മറുപടി. നേരത്തെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയുപയോഗിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ താക്കറെ രംഗത്തെത്തിയിരുന്നു.

കര്‍ഷകര്‍ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നതോടെ വിഭാഗീയത ഉണ്ടാക്കിയും പൊലീസിനെയും അര്‍ധസൈന്യത്തെയും ഉപയോഗിച്ച് സമരം പൊളിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബി.ജെ.പി കിസാന്‍ ചൗപാല്‍ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.

കര്‍ഷകര്‍ ഡിസംബര്‍ 17ന് അകം ഒഴിഞ്ഞു പോയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നും ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, റാവോ സാഹേബ് ദാന്‍വെ തുടങ്ങി നിരവധി പേരാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

എന്നാല്‍, കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fadnavis Slams Thackeray Over Farmers protest

We use cookies to give you the best possible experience. Learn more