സവര്‍ണ മേല്‍ക്കോയ്മയും പുരുഷ മേധാവിത്വവുമില്ലാത്ത, അതൊക്കെ എന്താണെന്ന് പോലുമറിയാത്ത മേഖലയാണത്ര മലയാള സിനിമ. ഇത് പറയുന്നത് വേറെയാരുമല്ല ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ പ്രമുഖരാണ്. അതും ഒറ്റ സ്വരത്തില്‍ കൃത്യമായി മൂവരും ഒരേ ഉത്തരം പറഞ്ഞു. ശരിക്കും കണ്ണടച്ചാല്‍ ഇരുട്ടാകുമെന്ന കുട്ടിക്കാലത്തെ കുട്ടി ബുദ്ധിയില്‍ നിന്നും ഇവരൊന്നും മുമ്പോട്ട് വരാത്തതാണോ, അതോ…… എന്ത് തന്നെയായാലും പറയുന്നത് നാട്ടിലെ പൗര പ്രമുഖരാകുമ്പോള്‍ ചെവി കൊടുക്കാതെ തരമില്ലല്ലോ.
നിയമ സഭയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് ‘സിനിമയും എഴുത്തും’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മൂവരും ഇത്രയും വലിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് കേള്‍ക്കുന്ന മലയാളികള്‍ക്ക് അത്ര അത്ഭുതമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. നിരന്തരം ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ പ്രസ്താവനകള്‍ ഇതിന് മുമ്പും സിനിമാക്കാരില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടുണ്ടല്ലോ.
അസമത്വത്തിന്റെയും ജാതീയതയുടെയും നിരവധി ഉദാഹരണങ്ങള്‍ നിരത്തി വെക്കുമ്പോഴും ഇതൊക്കെ വെറുതെയാണെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് എങ്ങനെയാണ് സാധിക്കുക. ഇത്തരം വിവേചനങ്ങളും അസമത്വങ്ങളും സിനിമക്കകത്ത് നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് എത്രയോ കാലം മുമ്പ് വ്യക്തമാക്കപ്പെട്ടതാണ്. ഇതൊക്കെ ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍.
സവര്‍ണ മേല്‍ക്കോയ്മയും പുരുഷ മേധാവിത്വവും ഇപ്പോഴും സിനിമയില്‍ സജീവമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു സംഭവമേ സിനിമയില്‍ ഇല്ലെന്നാണ് ഗണേഷ് കുമാറും മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും സംശയം ലവലേശമില്ലാതെ മറുപടി നല്‍കിയത്. സിനിമയില്‍ തങ്ങള്‍ക്ക് അവസരം കിട്ടാതെ വരുമ്പോള്‍ ഓരോരുത്തരും പറയുന്ന ന്യായമാണ് ഇതൊക്കെ എന്നാണ് ഗണേഷ് പക്ഷം. അല്ലെങ്കിലും പരാതി കൊടുക്കുന്നവര്‍ എന്നും ഗ്രൗണ്ടിന് പുറത്താകുന്നത് മലയാള സിനിമയിലെ പുത്തന്‍ കഥയൊന്നുമല്ലല്ലോ എന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം.
താന്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നും അന്നൊക്കെ തങ്ങളെല്ലാവരും ഒരേ മുറിയിലാണ് താമസിച്ചിരുന്നതെന്നും അന്നൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഗണേശ് പറയുന്നു. എന്നാല്‍ ചിലരുടെയെങ്കിലും മനസില്‍ അതൊക്കെ കാണുമായിരിക്കും അവരൊന്നും പുറത്ത് കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയെങ്കിലും അദ്ദേഹം മനസിലാക്കിയിട്ടുണ്ടല്ലോ എന്നോര്‍ത്ത് മലയാളിക്ക് അഭിമാനിക്കം.
മലയാള സിനിമ ജാതിയെ എങ്ങനെയാണ് സമീപിച്ചിരുന്നത് എന്നറിയണമെങ്കില്‍ പഴയ സിനിമയൊക്കെ ഒന്നുകൂടി കണ്ടു നോക്കിയാല്‍ മാത്രം മതി. സിനിമക്കാരുടെ ജാതി ബോധം വ്യക്തമാകും.
ഇനി മണിയന്‍പിള്ള രാജു പറഞ്ഞ മറുപടിയൊന്ന് നോക്കാം. കഴിവുള്ളവര്‍ മുന്നോട്ടുവരുമെന്നും അവിടെ ജാതിയോ പുരുഷ-സ്ത്രീ വ്യത്യാസമോ ഒന്നും ഇല്ലെന്നുമായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി. മമ്മൂട്ടിയെ കൊണ്ടുവന്നത് എം.ടി വാസുദേവന്‍ നായരാണെന്നും മോഹന്‍ലാലിനെ കൊണ്ടുവന്നത് ഫാസിലാണെന്നും അദ്ദേഹം എടുത്ത് പറയുകയും ചെയ്തു. ജാതിയില്ല എന്ന് കാണിക്കാന്‍ ജാതി പറയേണ്ടി വരുന്നത് എന്ത് കഷ്ടമാണ്.
സ്ത്രീ-പുരുഷ വ്യത്യാസമില്ലാത്ത ഇടമാണ് മലയാള സിനിമയെന്നൊക്കെ എങ്ങനെയാണ് ഒരു മടിയും കൂടാതെ പറയാന്‍ സാധിക്കുന്നത്. എ.എം.എം.എ എന്ന സംഘടനയില്‍ നിന്ന് ഇത്തരത്തില്‍ വിവേചനങ്ങള്‍ നേരിട്ട് ഡബ്ല്യൂ.സി.സി എന്ന സംഘടനയുണ്ടാക്കി കഥയൊക്കെ മലയാളി മറന്നുവെന്നാണോ ഇദ്ദേഹം കരുതിയത്.
ബന്ധങ്ങള്‍ കൊണ്ടോ സൗഹൃദങ്ങള്‍ കൊണ്ടോ സിനിമ കിട്ടുമെങ്കില്‍ ഏറ്റവും കൂടുതല്‍ പടത്തില്‍ അഭിനയിക്കേണ്ട ആള്‍ താനാണെന്നായിരുന്നു ഇതോടുള്ള ഇടവേള ബാബുവിന്റെ മറുപടി. എല്ലാ നടന്മാരുമായും നല്ല സുഹൃദ്ബന്ധം തനിക്കുണ്ടെന്നും എന്നാല്‍ താന്‍ എത്ര സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കും അറിയുമല്ലോ എന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.