സംഗീത ലോകത്തിന് തീരാ നഷ്ടമാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം. സിനിമയുടെ പല മേഖലകളിലും കൈവെച്ച അദ്ദേഹത്തിന്റെ ലൈവ് പെര്‍ഫോമന്‍സുകളും അസാധ്യമായിരുന്നു.
സ്റ്റേജുകളിലും തന്റെതായ വൈഭവം കൊണ്ട് ഗാനങ്ങളെ മനോഹരമാക്കാന്‍ എസ്.പി.ബിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലുമുള്ള എസ്.പി.ബിയുടെ പ്രകടനങ്ങള്‍ക്ക് നിരവധി കാഴ്ച്ചക്കാരാണ് ഉള്ളത്.
സ്റ്റേജിലെ എസ്.പി.ബിയുടെ പ്രകടനത്തില്‍ ആളുകള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച ഒന്നായിരുന്നു ഇളയരാജയ്ക്ക് ആദരവായി സംഘടിപ്പിച്ച ഒരു ഷോയിലെ ഇളയ നില എന്ന ഗാനം എസ്.പി.ബി ആലപിച്ചത്.
കേവലം ഗാനം കൊണ്ട് മാത്രമായിരുന്നില്ല അത്. തന്റെ സഹപ്രവര്‍ത്തകരെ കൂടി ചേര്‍ത്ത് നിര്‍ത്തുന്ന എസ്.പി.ബിയുടെ മഹത്വം കാണിച്ച തരുന്നതായിരുന്നു ആ ഷോ.
ഇളയരാജയ്ക്ക് ആദരമായി ഒരുക്കിയ പരിപാടിയില്‍ ഇളയരാജയുടെ ഓര്‍ക്കസ്ട്രയിലെ തന്നെ ആളുകളായിരുന്നു സംഗീത ഉപകരണങ്ങള്‍ വായിച്ചത്. തമിഴിലെ ഹിറ്റ് ഫ്‌ളൂടിസ്റ്റായ അരുണ്‍ മൊഴിയാണ് ഗാനത്തിന് പുല്ലാങ്കുഴല്‍ വായിച്ചത്.
‘പയനങ്ങള്‍ മുടിവതില്ലൈ’ എന്ന ചിത്രത്തിലെ , ‘ഇളയനിലാ പൊഴിഗിറതേ…’ എന്ന് തുടങ്ങുന്ന ഗാനത്തിലെ പുല്ലാങ്കുഴല്‍ ബി.ജി.എം ഏറെ ഹിറ്റാണ്. സിനിമയിലും അരുണ്‍ മൊഴി തന്നെയായിരുന്നു ഈ ഭാഗം വായിച്ചത്. എന്നാല്‍ സ്റ്റേജില്‍ ആ ഗാനം ആലപിക്കുന്നതിനിടെ ആരുണ്‍ മൊഴിയ്ക്ക് വായിക്കാന്‍ എടുത്തുപിടിച്ച പുല്ലാങ്കുഴല്‍ മാറി പോയി, വായിച്ച് തുടങ്ങിയതോടെയാണ് എടുത്തത് തെറ്റായ പുല്ലാങ്കുഴലാണെന്ന് അരുണിന് മനസിലായത്.
ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അരുണ്‍മൊഴി ഇരുന്നതോടെ എസ്.പി.ബി ആ ബി.ജി.എം ആലപിച്ച് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു. ഗാനം അവസാനിച്ചതോടെ എന്താണ് സംഭവിച്ചത് എന്ന് എസ്.പി.ബി തന്നെ പറഞ്ഞു.
ലൈവ് പ്രോഗ്രാമില്‍ ഓര്‍ക്കസ്ട്രയായി പുല്ലാങ്കുഴല്‍ തെറ്റി പോകാതെ വായിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഓരോ പാട്ടുകള്‍ക്കും ഓരോ ശ്രുതിയാകും ഉണ്ടാവുക. അപ്പോള്‍ പാട്ടിനനുസരിച്ച് മാറ്റിമാറ്റിയെടുത്ത് വായിക്കാന്‍ വെവ്വേറെ ശ്രുതികളിലായി പത്തിരുപത് ഓടക്കുഴല്‍ വെച്ചിട്ടുണ്ടാകും സാധാരണ പുല്ലാങ്കുഴല്‍ വായിക്കുന്നര്‍ കൈയ്യില്‍ വെച്ചിട്ടുണ്ടാകും. പാട്ട് ലൈവ് ആയി പൊയ്‌ക്കൊണ്ടിരിക്കെ താഴെ നിന്ന് എടുക്കുന്ന ഫ്‌ലൂട്ട് മാറിപ്പോയാല്‍, പിന്നെ പ്‌ളേ ആവുക തെറ്റായ നോട്ട് ആയിപ്പോകും. തനിക്ക് തന്നെ റെക്കോര്‍ഡിന് ഇടയ്ക്ക് ഗാനം 23 തവണ തെറ്റി പോയിരുന്നെന്നും എസ്.പി.ബി പറഞ്ഞു.
തുടര്‍ന്ന് തനിക്കായി വീണ്ടും അരുണ്‍മൊഴിയെ കൊണ്ട് തെറ്റി പോയ ഭാഗം വീണ്ടും പുല്ലാങ്കുഴലില്‍ വായിപ്പിക്കുകയും ഗാനത്തിന്റെ ആ ഭാഗം വീണ്ടും ആലപിക്കുകയുമായിരുന്നു.
നിറഞ്ഞു കവിഞ്ഞ സദസിനും ഇതൊരു ഗംഭീരമായ നിമിഷമായിരുന്നു. എല്ലാം കണ്ടും കേട്ടും കൊണ്ട് ഇളയരാജയും ഇതേ സ്റ്റേജില്‍ ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: SPB with ilayaraja ilaya nila pozhigirathe Arunmozhi’s flute that went wrong during the song ; SPB sang again to change grief; Video