| Friday, 25th September 2020, 3:37 pm

പാട്ടുകാരനായി മാത്രമല്ല, നടനായും നടന്മാര്‍ക്ക് ശബ്ദം കൊടുത്തും അഭ്രപാളിയില്‍ ജീവിച്ച എസ്.പി.ബി

കവിത രേണുക

ഇന്ത്യന്‍ ജനമനസുകളില്‍ ആഴത്തില്‍ പതിഞ്ഞു പോയ ഒരു ശബ്ദമാണ് എസ്.പി.ബി എന്ന എസ്.പി ബാലസുബ്രമഹ്ണ്യത്തിന്റെത്. ‘മണ്ണില്‍ ഇന്ത കാതല്‍ ഇന്‍ട്രി’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ പാടി അഭിനയിക്കുന്ന എസ്.പി.ബിയെ എങ്ങനെ മറക്കാനാണ്?

പാട്ടിന്റെ ലോകം മാസ്മരികമായ ശബ്ദംകൊണ്ട് കീഴടക്കുമ്പോഴും എസ്.പി.ബി കയ്യടക്കിയ മറ്റു ചില മേഖലകള്‍ കൂടിയുണ്ടായിരുന്നു. നടനായും നടന്മാര്‍ക്ക് ശബ്ദം നല്‍കിയും സിനിമയുടെ മറ്റു തലങ്ങളിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു എസ്.പി.ബി.

1969ല്‍ പെല്ലന്റെ നൂറെല്ല പാന്റ എന്ന തെലുങ്ക് സിനിമയിലാണ് അദ്ദേഹം ആദ്യമായി വേഷമിടുന്നത്. തുടര്‍ന്ന് 2018ല്‍ അവസാന സിനിമയില്‍ വേഷമിടുന്നത് വരെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അതിഥി വേഷങ്ങളിലും മുഴുനീള കഥാപാത്രമായും അരങ്ങിലെത്തി. പാട്ടിനൊപ്പം അഭിനയവും വഴങ്ങുമെന്ന് നിസംശയം തെളിയിച്ച കലാകാരന്‍.

1990ലാണ് കേളടി കണ്‍മണി എന്ന സിനിമ റിലീസ് ചെയ്യുന്നത്. എ. ആര്‍ രംഗരാജ് എന്ന കഥാപാത്രമായാണ് അദ്ദേഹം കേളടി കണ്‍മണിയില്‍ അഭിനയിച്ചത്. തമിഴ് നടി രാധികയ്‌ക്കൊപ്പമുള്ള രംഗത്തില്‍ കടപ്പുറത്ത് നിന്ന് കടലാസ് കഷ്ണത്തിലെ പാവലര്‍ വരദരാജന്റെ കവിതാ ശകലം ‘ശ്വാസമെടുക്കാതെ’പാടുന്ന എസ്.പി.ബി കാഴ്ചയില്‍ നിന്നും മായാത്ത രംഗമാണ്. താന്‍ ശ്വാസമെടുക്കാതെയല്ല, ശ്വാസമെടുത്തു തന്നെയാണ് സ്റ്റുഡിയോയില്‍ ആ ഗാനം ആലപിച്ചതെന്ന് അദ്ദേഹം തന്നെ പിന്നീടൊരിക്കല്‍ പറയുകയുമുണ്ടായി.

                                      ‘കേളടി കണ്‍മണി’ എന്ന സിനിമയില്‍ നിന്നും

കമലഹാസന്റെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ ‘ഗുണാ’യില്‍ പൊലീസ് ഓഫീസറായും വിജയ് അഭിനയിച്ച പ്രിയമാനവളേയില്‍ വിജയിയുടെ അച്ഛനായും തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളാണ് എസ്.പി.ബി അഭ്രപാളിയില്‍ അവതരിപ്പിച്ചത്.

സൗഹൃദവും പ്രണയവും ഇടകലര്‍ന്ന് കാഴ്ചക്കാരില്‍ മറയാതെ നില്‍ക്കുന്ന കാതല്‍ ദേസം എന്ന സിനിമയില്‍ തബുവിന്റെ അച്ഛനായും ഏറ്റവും ഒടുവില്‍ 2018ല്‍ തെലുങ്ക് സിനിമയായ ദേവദാസ് വരെ നൂറിനടുത്ത് സിനിമകള്‍.

‘കാതല്‍ ദേസം’ എന്ന സിനിമയില്‍ നിന്നും തബുവുമൊത്തുള്ള രംഗം

രണ്ടേ രണ്ട് സിനിമകളൊഴികെ, തമിഴില്‍ നിന്നും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കമല ഹാസന്‍ സിനിമകളിലെല്ലാം അദ്ദേഹത്തിന് ഡബ്ബ് ചെയ്തത് എസ്.പി.ബിയാണെന്ന് എത്രപേര്‍ക്കറിയാം?

സ്വാതി മുത്യം എന്ന തെലുങ്ക് സിനിമ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ കമല ഹാസന് തമിഴില്‍ ശബ്ദം നല്‍കിയതും എസ്.പി.ബി തന്നെ. തമിഴില്‍ നിന്നും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചില രജനീകാന്ത് സിനിമകളില്‍ സൂപ്പര്‍സ്റ്റാറിന് ശബ്ദം നല്‍കിയതും അദ്ദേഹം തന്നെ.

1983ല്‍ തെലുങ്കില്‍ പുറത്തിറങ്ങിയ ആനന്ദ ഭൈരവി എന്ന സിനിമയില്‍ എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാടിന് ശബ്ദം നല്‍കി.1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ ഗാന്ധിയായി വേഷമിട്ട ബെന്‍ കിംഗ്സ്ലിക്കും ശബ്ദം നല്‍കി.

എന്തിനേറെ പറയുന്നു തമിഴ് സിനിമ ഇരുവര്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തപ്പോഴും മലയാളം സിനിമ ഹരികൃഷ്ണന്‍സ് തമിഴിലേക്ക് മൊഴിമാറ്റം ചെയ്‌പ്പോഴും മോഹന്‍ ലാലിന് ശബ്ദം നല്‍കിയതും എസ്.പി.ബി തന്നെ.

‘പ്രിയമാനവളേ’ എന്ന തമിഴ് സിനിമയില്‍ നിന്നും വിജയ്‌ക്കൊപ്പം

2012ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമയായ ശ്രീരാമ രാജ്യം തമിഴിലേക്ക് മൊഴിമാറ്റം ചെയത്‌പ്പോഴായിരുന്നു അദ്ദേഹം അവസാനമായി ശബ്ദം നല്‍കിയത്. ഇങ്ങനെ 26 സിനിമകളിലാണ് എസ്.പി.ബി നടന്മാര്‍ക്ക് ശബ്ദം നല്‍കിയത്.

ശങ്കരാഭരണം എന്ന സനിമിയിലെ ശങ്കാരാ… എന്ന ഗാനം അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രാധാന്യം നേടിക്കൊടുത്തു.

അടുത്ത കാലങ്ങളിലായി ചില ചാനല്‍ പരിപാടികളിലും ടിവി സീരിയലുകളിലും അദ്ദേഹം മുഖം കാണിച്ചു. കൂടുതലായും സംഗീത പരിപാടികളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഈ അതുല്യ കലാകാരന്‍.

ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കലാകാരന്‍, പിന്നണിഗായകാനായും, നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രൊഡ്യൂസറായും ഇന്ത്യന്‍ സിനിമാ ലോകത്ത് ഒരിക്കലും മായാത്ത ഒപ്പ് പതിപ്പിച്ച പ്രിയ എസ്.പി.ബീ നിങ്ങള്‍ക്ക് മരണമില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SPB as an actor and dubbing artist; in memory of S.P. Balasubrahmanyam

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more