സ്ഫടികം എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോൾ സിൽക്ക് സ്മിത ഡിപ്രഷനിൽ ആയിരുന്നന്ന് നടൻ സ്ഫടികം ജോർജ്. ലൊക്കേഷനിൽ സ്മിത ആരോടും സംസാരിക്കാറില്ലായിരുന്നെന്നും സ്‌ഫടികം സിനിമ കഴിഞ്ഞ് രണ്ടുവർഷത്തിന് ശേഷം സ്മിത ആത്മഹത്യ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിൽക്ക് സ്മിത വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരുന്നു. ആരോടും മിണ്ടാത്ത പ്രകൃതം ആയിരുന്നു. പുള്ളിക്കാരി അല്പം മൂഡ് ഓഫ് പോലെ ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഞാൻ പോലും സംസാരിച്ചിട്ടില്ല. അവർ അങ്ങനെ ആരുമായിട്ടും സംസാരിക്കില്ല.
അവർ വരും സ്വന്തം സീൻ അഭിനയിക്കും പിന്നെ പോയിരിക്കും. സംവിധായകൻ പറയുന്നതൊക്കെ കേൾക്കും, ഓക്കേ സാർ എന്ന് പറഞ്ഞ് തലയാട്ടും, പോകും. അല്ലാതെ ആരുമായിട്ടും അധികം സൗഹൃദപരമായി ഇടപെട്ട് കണ്ടിട്ടില്ല. അന്നൊരു പ്രത്യേക സ്വഭാവമായിരുന്നു. ഒരു പ്രത്യേക മൈൻഡിൽ ആയിരുന്നു അവർ.
സ്‌ഫടികം കഴിഞ്ഞ് അധിക നാൾ ഉണ്ടായിരുന്നില്ല, രണ്ട് വർഷത്തിന് ശേഷം അവർ ആത്മഹത്യ ചെയ്തു. ആ സമയത്ത് അവർ എന്തോ ഡിപ്രെഷനിലൂടെയാണ് കടന്ന് പോയത്. അതുകൊണ്ട്തന്നെ ഒട്ടും ഫ്രണ്ട്‌ലി ആയിരുന്നില്ല. സെറ്റിൽ ആരോടും മിണ്ടിയിരുന്നുമില്ല,’സ്ഫടികം ജോർജ് പറഞ്ഞു.
അഭിമുഖത്തിൽ തന്റെ പേരിൽ സ്ഫടികം എന്ന ചിത്രത്തിന്റെ പേര് വന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. താൻ ആദ്യമായി അഭിനയിച്ചത് വിനയന്റെ ചിത്രത്തിൽ ആണെന്നും സ്ഫടികം എന്ന ചിത്രത്തിൽ അഭിനയിച്ചതിനുശേഷം മാധ്യമങ്ങൾ ആണ് തനിക്ക് സ്ഫടികം ജോർജ് എന്ന പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ആദ്യത്തെ ചിത്രം സ്ഫടികം അല്ല. വിനയന്റെ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിൽ ആണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. എന്റെ രണ്ടാമത്തെ ചിത്രമാണ് ചെങ്കോൽ. ഞാൻ മൂന്നാമതായി അഭിനയിച്ച ചിത്രമാണ് സ്ഫടികം. ആളുകൾ എന്നെ കണ്ടതും തിരിച്ചറിഞ്ഞതും, അംഗീകരിച്ചതും സ്ഫടികത്തിലൂടെയാണ്. സ്ഫടികം ജോർജ് എന്ന പേര് ഞാൻ ഇട്ടതല്ല. ഞാൻ സ്ഫടികത്തിൽ അഭിനയിക്കുമ്പോൾ ഇൻഡസ്ട്രിയിൽ അന്ന് മൂന്നു ജോർജ്മാരുണ്ട്. അവരിൽ ഞാൻ മാത്രമാണ് സ്ഫടികത്തിൽ അഭിനയിച്ചത്. മറ്റ് രണ്ടുപേർ ഈ പടത്തിൽ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ പേര് കിട്ടില്ലായിരുന്നു. അന്നെനിക്ക് പത്രക്കാർ ഇട്ട പേരാണ് സ്ഫടികം ജോർജ് എന്നത്. എന്റെ ശരിക്കും പേര് ജോർജ് ആന്റണി എന്നാണ്,’ സ്ഫടികം ജോർജ് പറഞ്ഞു.
Content Highlights: Spatikam george on Silk Smitha