| Friday, 9th February 2024, 10:18 pm

സുപ്രീം കോടതിക്ക് കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നെ ഞങ്ങളെ പരിപാലിക്കും; ഗ്യാന്‍വാപി വിഷയത്തില്‍ മുസ്‌ലിം പുരോഹിതനെ കസ്റ്റഡിയിലെടുത്തതില്‍ സംഘര്‍ഷാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഗ്യാന്‍വാപി വിഷയത്തില്‍ ‘ജയില്‍ ഭാരോ’ ആഹ്വാനം നടത്തിയ മുസ്‌ലിം പുരോഹിതനെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്.

രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തലില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവി തൗക്കീര്‍ റാസ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് പട്ടണത്തില്‍ ഒരു വര്‍ഗീയ കലാപത്തിന് കാരണമായ ഹല്‍ദ്വാനിയിലെ പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതിനെതിരെ തൗക്കീര്‍ റാസ വിമര്‍ശനം ഉയര്‍ത്തിയുന്നു.

‘ഇനി ഒരു ബുള്‍ഡോസര്‍ നടപടിയും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. സുപ്രീം കോടതിക്ക് ഞങ്ങളെ പരിപാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ തന്നെ ഞങ്ങളെ പരിപാലിക്കും,’ സര്‍ക്കാരിന്റെ നടപടികളില്‍ ഒന്നില്ലെങ്കില്‍ തങ്ങളെ ജയിലില്‍ അടക്കണമെന്ന് ആക്രോശിച്ചുകൊണ്ട് റസാ പറഞ്ഞ വാക്കുകള്‍.

റാസയെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് നിലവില്‍ സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന് നേരെ അനുയായികള്‍ കല്ലെറിഞ്ഞതായും ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷത്തില്‍ ഏതാനും ഉദ്യോഗസ്ഥര്‍ക്കും അനുയായികള്‍ക്കും പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ വിഷയത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നും പൊലീസ് നിലവിലത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

റസായുടെ ആഹ്വാനത്തെ തുടര്‍ന്ന് നഗരങ്ങളില്‍ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും എല്ലാ പള്ളികളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അഡീഷണല്‍ സിറ്റി എസ്.പി രാഹുല്‍ ഭാട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മഥുരയിലെ ഷാഹി ഈദ്ഗാ പള്ളിയിലും വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലും മുസ്‌ലിങ്ങൾ സ്വമേധയാ അവകാശവാദം ഉന്നയിക്കണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ അപ്പീല്‍ നല്‍കിയ വ്യക്തി കൂടിയാണ് തൗക്കീര്‍ റസാ.

Content Highlight: sparks tension over detention of Muslim cleric in Utharpradesh based on Gyanvapi

We use cookies to give you the best possible experience. Learn more